കക്കോടി: ഗ്രാമത്തിലേക്ക് ആദ്യ ഐ.പി.എസ് എത്തിയ സന്തോഷത്തിലാണ് കക്കോടി ഗ്രാമം. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്.പിയായ കക്കോടി കൂടത്തുംപൊയിൽ സ്വദേശിയായ കെ.കെ. മൊയ്തീൻ കുട്ടിക്ക് ലഭിച്ച ഐ.പി.എസ് ലബ്ധി ഏറെ സന്തോഷമാണ് നാടിനും നാട്ടുകാർക്കും പകരുന്നത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.സി.ജെയും ഇഗ്നോയിൽനിന്ന് എം.ബി.എയും നേടിയ കെ.കെ. മൊയ്തീൻകുട്ടി വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനുമായിരുന്നു. കറകളഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെന്ന് നാട്ടിലറിയപ്പെടുന്ന മൊയ്തീൻകുട്ടി 1995ലാണ് എസ്.ഐ ആയി പൊലീസ് സേനയിൽ എത്തുന്നത്. 2011 -12ൽ യു.എൻ സേനയുടെ ഭാഗമായി ഡെപ്യൂട്ടേഷനിൽ സൈപ്രസിലും പിന്നീട് സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രാലയത്തിൽ വൈസ് കോൺസൽ റാങ്കിലും ജോലി ചെയ്തിരുന്നു. 2019ൽ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലും 2023ൽ രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. ഇതിനകം ഗുഡ് സർവിസിന് നൂറോളം ബഹുമതികളും നേടി. ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, വിജിലൻസ്, ആന്റി കറപ്ഷൻ വിഭാഗങ്ങളിൽ ജോലി ചെയ്ത കെ.കെ. മൊയ്തീൻ കുട്ടി 2019ൽ വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരന്ത നിവാരണത്തിന് പൊലീസ് ടീമിനെ നയിച്ച് സേനയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
നന്മണ്ട സ്വദേശിയായിരുന്ന മൊയ്തീൻകുട്ടി ഏറെ വർഷങ്ങളായി കക്കോടിയിലാണ് താമസം. നന്മണ്ട കുയാട്ടുകണ്ടി അഹമ്മദ് മാസ്റ്ററുടെയും ആയിഷയുടെയും മകനാണ്. ഭാര്യ തലശ്ശേരി കതിരൂർ മണ്ണക്കര ചാലിൽ കുടുംബാംഗം മെഹനാസ്. അമൽ അഹമ്മദ്, മുഹമ്മദ് ഷാമിൽ, ആയിഷ മലീഹ, ആമിന മെഹക് എന്നിവരാണ് മക്കൾ.