ബാലുശ്ശേരി: എരമംഗലം കോമത്ത്ചാലിലെ കോക്കല്ലൂർ ഗ്രാനൈറ്റ് ക്വാറിക്കെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വീണ്ടും പ്രതിഷേധമുയരുന്നു.വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിലുണ്ടായ ഭീകരമായ അവസ്ഥയുടെ സാഹചര്യത്തിലാണ് ക്വാറിയുടെ പ്രവർത്തനവും ലൈസൻസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വീണ്ടും പ്രക്ഷോഭങ്ങൾക്ക് തുടക്കമിടുന്നത്. മൂന്നിന് വൈകീട്ട് എരമംഗലം ക്വാറി കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടക്കുമെന്ന് വാർത്തസമ്മേളനത്തിൽ ജനകീയ സമിതി ഭാരവാഹികളായ ഉമ മഠത്തിൽ, കെ.വി. നാരായണൻ നായർ, ഇ. റീജ, എ.കെ. അബ്ദുൽ സമദ്, കെ. അരുൺകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ക്വാറിയിൽനിന്ന് നിരന്തരം സ്ഫോടനം നടക്കുന്നതു കാരണം തൊട്ടടുത്തുള്ള വീടുകൾക്കും കിണറുകൾക്കും ഏറെ നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. കണലാടുകണ്ടി അഷറഫിന്റെ കിണർ ഇടിഞ്ഞു മൂടപ്പെട്ടിരിക്കുകയാണ്. തൊട്ടടുത്ത പറമ്പിലെ ആലോക്കാട്ടിൽ മജീദിന്റെ കിണറ്റിൽ ക്വാറിയിൽ നിന്നുള്ള മലിനജലം ഒഴുകി കിണറ്റിൽ എത്തിയതു കാരണം ഒന്നര വർഷമായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ക്വാറി ഉടമതന്നെയാണ് ഇപ്പോൾ കുടിവെള്ളം ലോറിയിൽ എത്തിച്ചുകൊടുക്കുന്നത്.
കോമത്ത് അബുവിന്റെ കിണറ്റിലും ക്വാറിയിൽനിന്നുള്ള ചളിയും മണ്ണും നിറഞ്ഞ് കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. ക്വാറിയുടെ മുകൾഭാഗത്തായി കുളങ്ങൾ നിർമിച്ചതും അപകട ഭീഷണിയായിരിക്കയാണ്. കുളത്തിന്റെ ചുറ്റുമുള്ള മണൽത്തിട്ടകൾ ഏതു സമയത്തും പൊട്ടി ഒഴുകി ഉരുൾപൊട്ടലിനു സമാനമായ അപകടാവസ്ഥ ഉണ്ടാക്കും. ഖനന സമയത്ത് ക്വാറിയിൽ ഉയർന്നുപൊങ്ങുന്ന ‘സിലിക്ക’ സമീപ പ്രദേശത്തെ കൃഷികളെ പൂർണമായും നശിപ്പിച്ചിരിക്കയാണ്. ക്വാറിക്ക് താഴ്ഭാഗത്തായി രണ്ട് സർക്കാർ അംഗീകൃത വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. 400ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ക്വാറിയിൽനിന്ന് ഉയർന്നുപൊങ്ങുന്ന ‘സിലിക്ക’ സ്ഥിരമായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് കാരണം പിഞ്ചുകുട്ടികളിൽ സിലിക്കോസിസ്, ആസ്മ തുടങ്ങി നിരവധി ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നുണ്ട്.
ക്വാറിയിലെ ഖനന സമയത്തെ സ്ഫോടന ശബ്ദവും കുട്ടികളുടെ ശ്രവണശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ല കലക്ടർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതിയും നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.