കാസർകോട്: കർണാടകം കയ്യൊഴിഞ്ഞ ഷിരൂർ ദൗത്യത്തിൽ നിന്ന് കേരളവും പിൻമാറുന്നു. ഷിരൂർ സന്ദർശിച്ച കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിഭാഗം ദൗത്യം വിജയിപ്പിക്കാനാവില്ലെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ട് തൃശുർ ദുരന്തനിവാരണ സമിതി അധ്യക്ഷൻ കൂടിയായ കലക്ടർക്ക് വ്യാഴാഴ്ച കൈമാറി. ഷിരൂരിൽ മണ്ണിടിഞ്ഞ് ഗംഗാവാലി നദിയിൽ കാണാതായത് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ്.
അർജുൻ ഓടിച്ച ലോറിയും പുഴയുടെ ആഴങ്ങളിലുണ്ട്. 13 ദിവസം കർണാടക സർക്കാറും നാവികസേനയും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ധരും പരാജയം സമ്മതിച്ചു മടങ്ങി. എന്നാൽ കേരളം തിരച്ചിൽ തുടരണമെന്ന നിലപാട് എടുത്തു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേരള കാർഷിക സർവകലാശാലയുടെ സാങ്കതിക വിഭാഗത്തെ ഷിരൂരിലേക്ക് അയച്ചത്.
കാർഷിക സർവകലാശാല സാങ്കേതിക വിഭാഗം വിദഗ്ധരായ അഗ്രികൾചർ അസി. ഡയറക്ടർ ഡോ. എ.ജെ. വിവെൻസി, പുഴക്കൽ അഗ്രികൾച്ചർ വി.എസ്. പ്രതിഷ്, കോഴിക്കോട് മേഖല ഓപറേറ്റർ നിതിൻ, തൃശൂർ എ.ഡി.എം മുരളി എന്നിവരടങ്ങിയ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പുഴയുടെ ആഴവും ഒഴുക്കും പരിശോധിച്ച സംഘം ഉത്തര കർണാടക ജില്ല ഭരണകൂടവുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണ്ണ് നീക്കം ചെയ്ത് അർജുന്റെ ലോറി പുറത്തെടുക്കുക അസാധ്യമാണെന്ന നിലയിൽ റിപ്പോർട്ട് സമർപിച്ചത്.
പുഴയിൽ മണ്ണുനീക്കം ചെയ്യാനുള്ള യന്ത്രം നിലനിർത്താനാവില്ലെന്നാണ് റിപ്പോർട്ട് സമർപിച്ചതെന്നാണ് വിവരം. വയനാട് വൻദുരന്തം നേരിട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഷിരൂർ ദൗത്യം ഉപേക്ഷിക്കാനാണ് സാധ്യത.