നാദാപുരം: തുടർച്ചയായുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് വിലങ്ങാടും സമീപ പ്രദേശങ്ങളും. പാനോം അടിച്ചിപ്പാറ കൊച്ചുതോട് മലയിലായിരുന്നു രാത്രി പന്ത്രണ്ടരയോടെ ആദ്യ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമെന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ ആളപായം ഒഴിവായെങ്കിലും പിന്നീട് ഞെട്ടിക്കുന്ന വാർത്തയാണ് പുറം ലോകം അറിഞ്ഞത്.
ഒന്നേകാലോടെ തൊട്ടടുത്ത മഞ്ഞച്ചീളിലും ഉരുൾപൊട്ടി. തുടർന്ന് പരിസരത്തെ പ്രകമ്പനം കൊള്ളിച്ച എട്ട് തുടർ ഉരുൾപൊട്ടലാണ് ഉണ്ടായത്. ഇതിനിടയിലാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ റിട്ട. അധ്യാപകൻ കുളത്തിങ്കിൽ മാത്യുവിനെ കാണാതായത്.
സ്ഥലത്തെ രണ്ടായി ഭാഗിച്ച് കുത്തിയൊലിച്ച മലവെള്ളം പൊടി മരത്തും വീട്ടിൽ ഡൊമിനിക്, സോണി പന്തലാടി, ജോർജ് തൂപ്പയിൽ, സിബി കണിരാഗം, സാബു നന്തികാട്ടിൽ, ജോണി പാണ്ടിയാംപറമ്പിൽ, അനീഷ് കറുകപ്പള്ളി, കുട്ടിച്ചൻ മണിക്കൊമ്പമേൽ, വിനീഷ് കുണ്ടൂർ എന്നിവരുടെ വീടുകൾ മണ്ണിനടിയിലായി. ബേബി മുല്ലക്കുന്നേൽ, സാബു പന്തലാടിക്കൽ എന്നിവരുടെ കടയും ഒരു വായനശാലയും പൂർണമായും മണ്ണിനടിയിലായി.പാനോം, വലിയ പാനോം, പന്നിയേരി, മുച്ചങ്കെയ് എന്നിവിടങ്ങളിലും ഉരുൾപൊട്ടി.
ദുരന്തം വീണ്ടുമൊരു ആഗസ്റ്റ് എത്താനിരിക്കെ
നാദാപുരം: വിലങ്ങാട് ആലിമൂല ഉരുൾപൊട്ടൽ ദുരന്തത്തിന് ആറുവർഷത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് വിലങ്ങാടിനെ നടുക്കിയ മറ്റൊരു ഉരുൾപൊട്ടൽ ദുരന്തത്തിനുകൂടി നാട് സാക്ഷിയായത്. 2018 ആഗസ്റ്റ് എട്ടിന് രാത്രി 11ന് ആലി മൂലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്.
23 വീടുകൾ പൂർണമായും നശിക്കുകയും ചെയ്തിരുന്നു. ഉരുൾപൊട്ടൽ ഭീഷണി കാരണം അടുപ്പിൽ കോളനിയിലെ 68 ആദിവാസികളെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി തയാറാക്കുകയും ചെയ്തു. എന്നാൽ, വീടുനിർമാണം ഏകദേശം പൂർത്തിയാക്കിയെങ്കിലും പുരധിവാസം ഇപ്പോഴും പൂർത്തിയായിട്ടില്ല.
റോഡും പാലവും തകർന്നു
നാദാപുരം: വിലങ്ങാട് മലയിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള ഭാഗത്തെ നിരവധി റോഡുകളും പാലങ്ങളും തകർന്നു. ഉരുട്ടി, വിലങ്ങാട് ടൗൺ, പന്നിയേരി എന്നിവിടങ്ങളിലെ പാലങ്ങളും റോഡുമാണ് തകർന്നത്. ഉരുട്ടി, വിലങ്ങാട് ടൗൺ പാലങ്ങൾ തകർന്നതിനാൽ ടൗണിലേക്കുള്ള വാഹന ഗതാഗതവും യാത്രസൗകര്യവും നിലച്ചു.
അഞ്ച് കോളനികൾ ഒറ്റപ്പെട്ടു
നാദാപുരം: ഉരുൾപൊട്ടലിൽ റോഡും പാലവും തകർന്നതോടെ വിലങ്ങാട് കുറ്റല്ലൂർ, പന്നിയേരി, പറക്കാട്, വായാട്. മാടാഞ്ചേരി ആദിവാസി കോളനികൾ പൂർണമായും ഒറ്റപ്പെട്ടു. വൈദ്യുതി, ടെലഫോൺ സംവിധാനം ഇവിടങ്ങളിൽ പൂർണമായും നിലച്ചു.
പുഴയൊഴുകിയത് കൃഷിഭൂമിയിലൂടെ; വിളകൾ നശിച്ചു
നാദാപുരം: മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ വിലങ്ങാട് പുഴ ഗതി മാറി. മഞ്ഞച്ചീൾമുതൽ ഉരുട്ടിവരെയുള്ള പ്രദേശങ്ങളിലാണ് പുഴ ഗതിമാറിയത്. പ്രധാന റോഡുകളിലൂടെ കൃഷി ഭൂമികളിലേക്ക് അതിശക്തിയിൽ കര കവിഞ്ഞ് ഒഴുകി നിരവധി ആളുകളുടെ കൃഷിക്ക് നാശംവിതച്ചു. കാർഷിക വിളകൾ മുഴുവൻ ഒലിച്ചുപോയതിനൊപ്പം ഒഴുകിയെത്തിയ കൂറ്റൻ മരങ്ങൾ കൃഷിഭൂമിയിൽ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. കൂടാതെ പുഴയോട് ചേർന്ന നിരവധി വീടുകളിൽ വെള്ളം കയറി കനത്ത നാശനഷ്ടവുമുണ്ടായി.
കൈമെയ് മറന്ന് രക്ഷാപ്രവർത്തനം
നാദാപുരം: രക്ഷാപ്രവർത്തനത്തിന് എൻ.ഡി.ആർ.എഫും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും രംഗത്തിറങ്ങി. തകർന്ന റോഡുകളിൽ മുഴുവൻ കല്ലും മണ്ണും ചളിയും നിറഞ്ഞ് നടക്കാൻപോലും കളിയാത്ത നിലയിരുന്നു. ഇവ നീക്കം ചെയ്യലായിരുന്നു രക്ഷാപ്രവർത്തകർക്കു മുമ്പിലെ കനത്ത വെല്ലുവിളി. ഇടവിടാതെ അതിശക്തമായ മഴ പെയ്തതോടെ പ്രവർത്തനം കൂടുതൽ ദുഷ്കരമായി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൈകുന്നേരത്തോടെ പ്രധാന സ്ഥലങ്ങളിലെ കല്ലും മണ്ണും നീക്കി.