പേരാമ്പ്ര: വിവിധ മേഖലകളിൽ ആഞ്ഞുവീശിയ കാറ്റിൽ വ്യാപക നാശനഷ്ടം. നരയംകുളം, എരവട്ടൂർ, മുയിപ്പോത്ത് എന്നിവിടങ്ങളിലാണ് കാറ്റ് വീശിയടിച്ചത്. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുണ്ടായി.
നരയംകുളത്ത് തെങ്ങ് വീണ് വീടിന് നാശം
കൂട്ടാലിട: കോട്ടൂർ വില്ലേജിലെ നരയംകുളത്ത് മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. വെങ്ങിലോട്ട് ഗിരീഷ് കുമാറിന്റെ വീടിനു മുകളിലാണ് ചൊവ്വാഴ്ച പകൽ വീട്ടുവളപ്പിലെ തെങ്ങ് കടപുഴകിയത്. വീടിന്റെ കോണി കൂടിന്റെ ഷെയ്ഡ് തകരുകയും ചുമരിന് വിള്ളൽ വീഴുകയും ചെയ്തു. വരാന്തയുടെ ഓടുമേഞ്ഞ മേൽക്കൂരയും തകർന്നു. 200 ഓളം ഓടും ഇരുമ്പിന്റെ കഴുക്കോലും നശിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.പി. ഉഷയും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു. 1.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മുയിപ്പോത്ത് സ്കൂൾ മരം വീണ് തകർന്നു
പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത് സ്കൂളിനു മുകളിലും വീടിന് മുകളിലും മരം വീണ് കേടുപാടുകൾ സംഭവിച്ചു. മുയിപ്പോത്ത് എം.യു.പി സ്കൂളിന് മുകളിലാണ് ശക്തമായ കാറ്റിൽ സമീപത്തെ മാവ് മുറിഞ്ഞു വീണത്. സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിന്റെ സ്റ്റാഫ് റൂം പൂർണമായി തകർന്നു. സ്കൂൾ വിട്ടതിന് ശേഷമാണ് അപകടം നടന്നത്. അരീക്കോത്ത് ചെക്കോട്ടിയുടെ വീടിനു മുകളിലും മരം വീണ് കേടുപാടുകൾ സംഭവിച്ചു. സി.പി.എം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി. ദുരന്തനിവാരണ സേന കൺവീനർ കെ.എം. ദിജേഷ്, സേനാംഗങ്ങളായ അജേഷ്, ഉദേഷ്, ഷിജു മച്ചലത്ത്, ഹേമേഷ്, ഉമേഷ്, നാട്ടുകാരായ മുസ്തഫ, അബാസ് ചാത്തോത്ത് മീത്തൽ എന്നിവർ നേതൃത്വം നൽകി.
എരവട്ടൂരിൽ ചുഴലിക്കാറ്റിൽ നാശനഷ്ടം
പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡ് ആനേരിക്കുന്ന് ഭാഗത്ത് ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. കാമ്പ്രത്ത് രാജന്റെ പശുത്തൊഴുത്ത് മരം വീണ് തകർന്നു. കിഴക്കയിൽ മീത്തൽ അബ്ദുല്ല മാസ്റ്ററുടെ വീടിനു മുകളിൽ തെങ്ങ് വീണ് ഓടുകൾ തകർന്നു. കാമ്പ്രത്ത് രാഘവന്റെ വീട്ടുവളപ്പിലെ തെങ്ങ് കാറ്റിൽ മുറിഞ്ഞുവീണു. കൂടത്തൽ മീത്തൽ ചന്ദ്രന്റെ പ്ലാവ് ഉൾപ്പെടെയുള്ള മരങ്ങളും കാറ്റിൽ മുറിഞ്ഞുവീണു. മരം വീണ് പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. നാട്ടുകാരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റി.