പന്തീരാങ്കാവ്: ഓട്ടോക്ക് മുകളിലേക്ക് വീണതിനെതുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റിയ തണൽ മരത്തിന്റെ മരട് ഭാഗം യാത്രക്കാർക്ക് അപകടകരമായ രീതിയിൽ. പന്തീരാങ്കാവ് കൈമ്പാലത്ത് കഴിഞ്ഞ ദിവസം കനത്ത മഴയിൽ കടപുഴകി വീണ തണൽ മരത്തിന്റെ വണ്ണം കൂടിയ ഭാഗമാണ് യാത്രക്കാർക്ക് അപകട ഭീഷണിയാവുന്നത്.
ഈ മാസം 12ന് രാത്രിയാണ് കൊയിലാണ്ടി സ്വദേശിയുടെ ഓട്ടോയുടെ മുകളിലേക്ക് മരം വീണത്. തിരക്ക് കുറവുള്ള സമയമായതിനാൽ മറ്റ് വാഹനങ്ങൾ അപകടത്തിൽപെടാതെ രക്ഷപ്പെടാനായി. അഗ്നിരക്ഷാസേനയും താലൂക്ക് ദുരന്ത നിവാരണ സേനയുമടക്കമുള്ളവർ ഏറെ സമയമെടുത്താണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. അന്ന് മുറിച്ച് മാറ്റിയ മരത്തിന്റെ വണ്ണം കൂടിയ മരട് ഭാഗം ഇപ്പോഴും റോഡിലേക്ക് കയറിയ രീതിയിലാണ്. ഇരുഭാഗത്ത് നിന്നും ഒരേസമയം വാഹനങ്ങളെത്തിയാൽ മരത്തിലോ വാഹനങ്ങൾ തമ്മിലോ കൂട്ടിയിടിക്കാൻ സാധ്യതയുണ്ട്. പൊതുമരാമത്ത് വിഭാഗം അടിയന്തര പ്രാധാന്യത്തിൽ മരത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.