താമരശ്ശേരി: താമരശ്ശേരിയിലെ മൂന്നു സ്ഥാപനങ്ങളിൽ കവർച്ച നടത്തി കടന്നുകളഞ്ഞ സംഘത്തെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് കീഴ്മഠത്തിൽ മുഹമ്മദ് തായിഫ്, ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി ഗോകുൽ, ചേളന്നൂർ ഉരുളുമല ഷാഹിദ് എന്ന ഷാനു, ചക്കുംകടവ് അമ്പലത്താഴം എം.പി. ഫസൽ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ 12ന് പുലർച്ചയായിരുന്നു താമരശ്ശേരിയിൽ കവർച്ച നടത്തിയത്. മോഷ്ടിച്ച മൂന്ന് ബൈക്കുകളിലാണ് പ്രതികൾ മോഷണത്തിനെത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപത്തെ ലാവണ്യ ഇ പ്ലാസ, മൈക്രോ ലാബ്, ചുങ്കം ബൈപാസ് റോഡിലെ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽനിന്നായി മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ടാബ് ലറ്റ്, ടോർച്ചുകൾ, ട്രിമ്മറുകൾ എന്നിവയും രണ്ടു ലക്ഷത്തി പന്ത്രണ്ടായിരം രൂപയുമാണ് കവർച്ച നടത്തിയത്.
ഇവരിൽനിന്ന് കവർച്ച നടത്തിയ ചില വസ്തുക്കൾ കസ്റ്റഡിയിലെടുത്തതായും അടുത്ത ദിവസം എറണാകുളത്തുനിന്ന് പ്രതികളെ താമരശ്ശേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും താമരശ്ശേരി ഡിവൈ.എസ്.പി. പി. പ്രമോദ് പറഞ്ഞു.