താമരശ്ശേരി: വിൽപനക്കായി എത്തിച്ച 16.400 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. കൊടുവള്ളി, താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് ബുധനാഴ്ച രാത്രിയോടെ കഞ്ചാവ് പിടികൂടിയത്. ബുള്ളറ്റ് ബൈക്കിൽ കോഴിക്കോട്ടുനിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കൂരാച്ചുണ്ട് പുതുപ്പറമ്പിൽ കെ.കെ. സമീർ എന്ന ബുൾഗാൻ സമീറിൽ (45) നിന്ന് 9.480 കിലോ കഞ്ചാവ് കൊടുവള്ളി മദ്റസ ബസാറിൽ െവച്ചും, താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ച കുന്ദമംഗലം കാരന്തൂർ കുഴിമ്പാട്ടിൽ രഞ്ജിത്ത് കുമാർ എന്ന ബാബു (42) എന്നയാളിൽനിന്ന് 6.900 കിലോ കഞ്ചാവുമാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വരും.
ജയിലിൽവെച്ച് പരിചയപ്പെട്ട രണ്ടുപേരും വർഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയാണെന്നും ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി റോഡ് മാർഗം കോഴിക്കോടും വയനാടും എത്തിച്ചാണ് വിൽപന നടത്തുന്നതെന്നും താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദ് പറഞ്ഞു. ബുധനാഴ്ച രാത്രി സുൽത്താൻ ബത്തേരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് രഞ്ജിത് കുമാർ പിടിയിലാവുന്നത്. സമീർ കോഴിക്കോട്ടുനിന്നും മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ കയറി കുന്ദമംഗലത്തിറങ്ങി ബുള്ളറ്റ് എടുത്ത് കൂരാച്ചുണ്ടിലേക്ക് പോകുന്നതിനിടെയാണ് കൊടുവള്ളിയിൽ വെച്ച് പിടിയിലായത്.
രണ്ടുപേരും ട്രാവലർ ബാഗുകളിലാക്കി കഞ്ചാവ് സൂക്ഷിച്ച കവറിനു മുകളിൽ തുണികൾകൊണ്ട് മൂടിയ നിലയിലായിരുന്നു. രണ്ടുപേരും മുമ്പ് മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നവരാണ്. സമീറിന്റെ പേരിൽ പേരാമ്പ്ര, കസബ, മാനന്തവാടി, പാണ്ടിക്കാട്, താമരശ്ശേരി സ്റ്റേഷനുകളിൽ വാഹനമോഷണത്തിനും മലഞ്ചരക്ക് മോഷണത്തിനും കേസുകളുണ്ട്. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം കോടതി റിമാൻഡ് ചെയ്തു.