
കുന്ദമംഗലം: വാഹനങ്ങളിലെ ഇലക്ട്രോണിക് കൺട്രോൾ യൂനിറ്റ് (ഇ.സി.യു) വ്യാപകമായി മോഷ്ടിച്ചതായി പരാതി. ടാറ്റയുടെ പുതിയ മോഡൽ ടിപ്പർ ലോറികളിലും 16 വീൽ മൾട്ടി ആക്സിൽ ലോറിയിലും ഉള്ള ഇ.സി.യു ആണ് മോഷണം പോയത്. ടാറ്റയുടെ പുതിയ മോഡൽ വാഹനങ്ങളിൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മൊഡ്യൂൾ ആണ് ഇലക്ട്രോണിക് കൺട്രോൾ യൂനിറ്റ്. ഇതില്ലെങ്കിൽ വാഹനം സ്റ്റാർട്ട് ആവില്ല. ഒരു യൂനിറ്റിന് 85,000 രൂപയോളം വില വരുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദേശീയപാതയിൽ കുന്ദമംഗലത്ത് സിന്ധു തിയറ്ററിന് സമീപം ടിപ്പർ ലോറിയിൽനിന്ന് ഇ.സി.യു മോഷ്ടിക്കപ്പെട്ടത്. രാത്രി 11 മണിക്കാണ് വാഹനം നിർത്തിയിട്ടതെന്ന് ഡ്രൈവർ പറഞ്ഞു. സ്ഥിരമായി വാഹനം ഇവിടെയാണ് നിർത്തിയിടാറുള്ളത്. അടുത്ത ദിവസം രാവിലെ വന്നപ്പോഴാണ് മോഷണ വിവരം ഡ്രൈവർ അറിയുന്നത്. ഇദ്ദേഹം കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൽപറ്റ ബൈപാസിൽ വെച്ച് കോഴിക്കോട് സ്വദേശിയുടെ ടാറ്റ 16 വീൽ മൾട്ടി ആക്സിൽ ലോറിയുടെ ഇ.സി.യു മോഷണം പോയത് ഇതേ ദിവസമാണ്. സിമന്റ് കയറ്റി വന്ന ലോറി തിങ്കളാഴ്ച രാത്രി റോഡരികിൽ നിർത്തിയിട്ട ഡ്രൈവർ ബുധനാഴ്ച രാവിലെ വന്നപ്പോഴാണ് മോഷണം അറിയുന്നത്. കൽപറ്റ പൊലീസിൽ പരാതി നൽകിയതായി വാഹന ഉടമ സാബിത്ത് പറഞ്ഞു. മീനങ്ങാടി പാതിരിപ്പാലം ഹോളോബ്രിക്സ് കടയിലെ ടിപ്പർ ലോറിയിൽ നിന്ന് ഇതേ ദിവസം ഇ.സി.യു മോഷണം പോയി. ചൊവ്വാഴ്ച രാത്രി നിർത്തിയിട്ട ലോറി ഡ്രൈവർ വ്യാഴാഴ്ച രാവിലെ എടുക്കാൻ വന്നപ്പോഴാണ് സംഭവം അറിയുന്നത്.
വാഹന ഉടമ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ ഒരു മോഷണം നടക്കുന്നതെന്നും മോഷ്ടിക്കപ്പെട്ട ഇ.സി.യു ഇതുപോലെയുള്ള പുതിയ വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ എന്നും വാഹന ഉടമകൾ പറഞ്ഞു. സമാന രീതിയിൽ മറ്റു മോഷണങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഇവർ.
കോഴിക്കോട് -ബംഗളൂരു ദേശീയപാതയിൽ പലയിടങ്ങളിലായി ഒരേ ദിവസങ്ങളിൽ നടന്ന മോഷണമായതിനാൽ, പിന്നിൽ ഒരേ സംഘം ആയിരിക്കുമെന്നാണ് നിഗമനം. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാർ പറഞ്ഞു.