പേരാമ്പ്ര: ചെറുവണ്ണൂരിൽ സ്വർണാഭരണ നിർമാണ കട കുത്തിത്തുറന്ന് 250 ഗ്രാം സ്വര്‍ണവും അഞ്ച് കിലോഗ്രാം വെള്ളിയും കവർന്നു. പവിത്രം ജ്വല്ലറി വര്‍ക്സിലാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. ഷോപ്പിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ചെറുവണ്ണൂര്‍ സ്വദേശി പിലാറത്ത് താഴെ വിനോദന്റെതാണ് സ്ഥാപനം. അമ്മയുടെ മരണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച 5.30ഓടെ ഇയാള്‍ കട അടച്ച് പോയതാണ്.
രാവിലെ അടുത്തുള്ള ഷോപ്പുടമ മെയിന്‍ സ്വിച്ച് ഓണാക്കാനായി കെട്ടിടത്തിന്റെ പിറകില്‍ പോയപ്പോഴാണ് മണ്ണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് ചുമര് തുരന്നതായി കാണുന്നത്. ഇയാളാണ് വിനോദിനെ വിവരം അറിയിക്കുന്നത്. വിനോദെത്തി ഷട്ടര്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ സേഫ് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജ്വല്ലറികളിലേക്കും ആളുകള്‍ ഓര്‍ഡര്‍ നല്കുന്നതനുസരിച്ചും ആഭരണങ്ങള്‍ ഉണ്ടാക്കി നല്കുകയാണിവിടെ. പുതുതായി നിര്‍മിച്ചവയും നന്നാക്കാൻ ലഭിച്ചതുമായ ആഭരണങ്ങളാണ് മോഷണം പോയത്. കുറച്ച് പഴയ വെള്ളിയാഭണങ്ങള് ജ്വല്ലറിയില്‍തന്നെ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. സമീപത്തെ ഫാന്‍സി കടയില്‍ സി.സി.ടി.വി ഉണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ല. പേരാമ്പ്ര ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പേരാമ്പ്രയില്‍നിന്ന് ഡോഗ് സ്ക്വാഡും, വടകരയിൽനിന്ന് വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.