തിരുവമ്പാടി: ജൽ ജീവൻ മിഷൻ കിടങ്ങ് കുഴിച്ച തിരുവമ്പാടി കറ്റ്യാട് – കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ റോഡ് ചളിക്കളമായി. ആറു വർഷമായി പണി പാതിവഴിയിലായ റോഡിൽ ജൽ ജീവൻ കിടങ്ങുകൂടി വന്നതോടെ ദുരിതം ഇരട്ടിയായി.
മഴക്കാലമായതോടെ റോഡിൽ കാൽനടപോലും ദുസ്സഹമായി. മൃഗാശുപത്രി, കൃഷി ഭവൻ, ഗവ. ഹോമിയോ ആശുപത്രി, കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നീ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള റോഡാണിത്. പ്രദേശത്തെ നിരവധി കുടുംബങ്ങളും റോഡിനെ ആശ്രയിക്കുന്നു.
രണ്ടു മാസം മുമ്പ് പ്രദേശവാസികൾ വൻ തുക മുടക്കി റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നു. ഗ്രാമപഞ്ചായത്തിൽനിന്ന് ലഭിച്ച ചെറിയ ഫണ്ടും നാട്ടുകാർ റോഡ് പ്രവൃത്തിക്ക് ഉപയോഗിച്ചു. ജൽ ജീവൻ പദ്ധതിക്കുവേണ്ടി കുഴിച്ച വലിയ കിടങ്ങുകൾ മാസങ്ങളായി മൂടാതെ കിടക്കുകയാണ്. ഓട്ടോറിക്ഷ പോലും വരാത്ത അവസ്ഥയിലാണ് റോഡെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.