പന്തീരാങ്കാവ് : ദേശീയപാത നിർമാണത്തിന്റെ ഉപകരാർ കമ്പനിയായ ജെ.എ.എഫ്.എഫ് ലിമിറ്റഡിന്റെ ഗോഡൗണിൽ കൂട്ടിയിട്ട കമ്പികൾ മോഷ്ടിച്ച സ്ത്രീയടക്കം അഞ്ചുപേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ച അഞ്ചോടെയാണ് പന്തീരാങ്കാവിലെ ഗോഡൗണിൽനിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപെട്ടത്.
രണ്ടുപേർ പിടിയിലാവുകയും ബാക്കിയുള്ളവർ രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവരും പിടിയിലായത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്ന സംഘം കൊളത്തറയിലാണ് താമസിക്കുന്നത്. രഹ്ന ഖാത്തുൻ, ഐനൽ അലി, മൊയ്നുൽ അലി, ജോയനൽ അലി, മിലൻ അലി എന്നിവരാണ് പിടിയിലായത്.
പലസമയത്തായി ഒമ്പത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടമായതിനെതുടർന്ന് കമ്പനി നിരീക്ഷണമേർപ്പെടുത്തിയിരുന്നു. പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ. മഹേഷ്, എ.എസ്.ഐ ഷംസുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ലൈലാബി, പ്രമോദ്, ബഷീർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.