കോഴിക്കോട്: സത്യത്തിന്റെ പട്ടണമെന്ന് പേരുകേട്ട കോഴിക്കോടിന്റെ സാഹിത്യ നഗര പദവി സത്യമായി. ഐക്യരാഷ്ട്ര സഭയുടെ യു.എൻ എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി തിരഞ്ഞെടുത്തതിന്റെ ഔദ്യോഗിക പ്രഖ്യാപനം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ജൂബിലി ഹാളിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് കോർപറേഷൻ വജ്രജൂബിലി പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി കൈമാറി. കോഴിക്കോടിന്റെ മാത്രമല്ല, കേരളത്തിന്റെയും രാജ്യത്തിന്റെയും നേട്ടമാണ് പുതിയ പദവിയെന്ന് മന്ത്രി രാജേഷ് പറഞ്ഞു. സാഹിത്യ നഗരത്തിന്റെ ലോഗോയും വെബ്സൈറ്റും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുറത്തിറക്കി.
ആനക്കുളം സാംസ്കാരിക നിലയത്തിൽ സജ്ജമാക്കിയ സാഹിത്യ നഗരം കേന്ദ്രത്തിന്റെ പ്രഖ്യാപനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.കെ. ഗോപി എന്നിവർ മുഖ്യാതിഥികളായി. കില അർബൻ ചെയർമാൻ ഡോ. അജിത് കാളിയത്ത്, നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, സി.എച്ച്. ഹമീദ്, ടി.എം. ജോസഫ്, എ. പ്രദീപ് കുമാർ, ടി.പി. ദാസൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.