മാവൂർ: മഴ പെയ്യുന്നതോടെ മാവൂർ അങ്ങാടിയിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ദുരിതമാകുന്നു. അഴുക്കുചാൽ സംവിധാനം കാര്യക്ഷമമാകാത്തതാണ് കാരണം. ജങ്ഷനിൽ കെട്ടാങ്ങൽ റോഡ് തുടങ്ങുന്ന ഭാഗത്താണ് ഏറെനേരം വെള്ളം കെട്ടിനിൽക്കും. മുകൾ ഭാഗത്തുനിന്ന് മഴവെള്ളത്തോടൊപ്പം കുത്തിയൊഴുകി വരുന്ന മണ്ണ് ഈ ഭാഗത്ത് അടിഞ്ഞുകൂടാനും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനും ഇത് കാരണമാകുന്നു.
ആദ്യമഴയിൽ അടിഞ്ഞുകൂടിയ മണ്ണ് വ്യാപാരികൾ മുന്നിട്ടിറങ്ങിയാണ് നീക്കം ചെയ്തത്. മണന്തലക്കടവ് റോഡിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതും ദുരിതമാണ്. ഈയടുത്ത് ഓവുചാൽ സംവിധാനം പരിഷ്കരിച്ച റോഡാണിത്. എന്നാൽ, ജലം നടുറോഡിലൂടെ കുത്തിയൊഴുകുകയാണ്. റോഡിന്റെ പല ഭാഗത്തും ടാറിങ്ങും കോൺക്രീറ്റും ഇളകി ഗർത്തങ്ങൾ രൂപപ്പെടാൻ ഇത് കാരണമായിട്ടുണ്ട്.