വടകര: മൊബൈലിൽ റീൽസ് ചെയ്യാൻ വാങ്ങിയ എയർഗൺ സുഹൃത്തിനെ കാണിക്കുമ്പോൾ എക്സൈസിനെ കണ്ട് കടന്നുകളഞ്ഞ യുവാവ് എക്സൈസിനെയും പൊലീസിനെയും വട്ടം കറക്കി. ബുധനാഴ്ച വൈകീട്ട് ചെമ്മരത്തൂരിൽ റോഡരികിൽ നിർത്തിയ ഐസ്ക്രീം വണ്ടിയിലെ ഡ്രൈവറാണ് തോക്ക് സുഹൃത്തിനെ കാണിച്ചത്.
സംഭവം ഇതുവഴി വന്ന എക്സൈസ് സംഘത്തിന്റെ ശ്രദ്ധയിൽ പെടുകയും എക്സൈസ് സംഘം വാഹനത്തിനടുത്തേക്ക് ചെല്ലുന്നതിനിടെ യുവാവ് വാഹനവുമായി വേഗതയിൽ ഓടിച്ചുപോവുകയുമായിരുന്നു. എക്സൈസ് സംഘം ഐസ്ക്രീം വാഹനത്തെ പിന്തുടർന്ന് സിനിമയിലെ സംഘട്ടന രംഗത്തെ അനുസ്മരിപ്പിക്കും വിധം മേമുണ്ട എം.ഇ.എസ് കോളജ് റോഡിൽവെച്ച് പിടികൂടി.
ഇതിനിടെ ഐസ് ക്രീം വാഹനം ഇരുചക്ര വാഹനത്തെ ഇടിക്കുകയുമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് തോക്കുമായി യുവാവിനെ സ്റ്റേഷനിലേക്കുമാറ്റി നടത്തിയ വിശദമായ പരിശോധനയിൽ എയർ ഗണ്ണാണെന്ന് തെളിഞ്ഞു.
റീൽസ് ചെയ്യാൻ കോഴിക്കോടുനിന്ന് വാങ്ങിയ തോക്കാണെന്നും എക്സൈസിന് കണ്ട് പേടിച്ച് രക്ഷപെടാൻ ശ്രമിച്ചതാണെന്നും യുവാവ് മൊഴി നൽകി. പൊലീസിന്റെ അന്വേഷണത്തിലും സംഭവം സ്ഥിരീകരിച്ചതോടെ യുവാവിനെ വിട്ടയച്ചു.
ഇതിനിടെ തോക്കുമായി യുവാവ് പിടിയിലായെന്ന വാർത്ത പ്രചരിച്ചത് പലവിധത്തിലുള്ള ഊഹാപോഹങ്ങൾക്കും ഇടയാക്കിയിരുന്നു.