മുക്കം: മുക്കത്ത് കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. രമേഷും സംഘവും ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി രണ്ടുപശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിലായി. മാൾഡ ജില്ലക്കാരായ അബ്ദുൽ സുകൂദ്ദീൻ, റഫീക്കുൾ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്തതായി എക്സൈസ് സംഘം അറിയിച്ചു.
സ്ഥിരമായി കഞ്ചാവ് വിൽപന നടത്തുന്ന ഇവരെ കഴിഞ്ഞ മൂന്ന് മാസമായി നിരീക്ഷിച്ച് വരുകയായിരുന്നു. അതിനിടെയാണ് മുക്കം തൃക്കുടമണ്ണ ശിവ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ഇവർ പിടിയിലാവുന്നത്. നാട്ടിൽ പോയി തിരിച്ചുവരുന്ന സമയത്തും മറ്റും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തുന്നവരാണ് പിടിയിലായവരെന്നും സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് സംശയിക്കുന്നതായും എക്സൈസ് സംഘം അറിയിച്ചു.
പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്, പ്രതീഷ്ചന്ദ്രൻ, ഷഫീഖലി, അർജുൻ, വൈശാഖ്, എക്സൈസ് ഡ്രൈവർ പ്രജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.