ബാലുശ്ശേരി: തലയാട്-കക്കയം റോഡിൽ 26ാം മൈലിൽ റോഡിലേക്ക് വീണ്ടും മണ്ണിടിഞ്ഞു വീണു. മലയോര ഹൈവേയുടെ പണി നടക്കുന്ന 26ാം മൈലിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിലാണ് മണ്ണും കല്ലും വൻതോതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഈ വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു. രണ്ട് വൈദ്യുതി തൂണുകളും തകർന്നിട്ടുണ്ട്. കക്കയം, കരിയാത്തുംപാറ, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്കുള്ള നിരവധി വാഹനങ്ങൾ ഈ വഴി കടന്നുപോകുന്നുണ്ട്.
മണ്ണിടിഞ്ഞ് വീണതോടെ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. ജെ.സി.ബി ഉപയോഗിച്ച് ചൊവ്വാഴ്ച രാവിലെയോടെ തന്നെ മണ്ണും കല്ലും നീക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകീട്ടു വരെ കഴിഞ്ഞിട്ടില്ല. ഗതാഗത തടസ്സം കാരണം കല്ലാനോട് സ്കൂളിനും ചൊവ്വാഴ്ച അവധി നൽകിയിരുന്നു. മഴ ശക്തമായി തുടർന്നാൽ ഇനിയും മണ്ണിടിയുവാൻ സാധ്യതയേറെയാണ്. ഈ വഴിയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയും 26ാം മൈലിനടുത്ത് റോഡിലേക്ക് മണ്ണിടിച്ചിലും പേരിയ മലയിൽ ഉരുൾപൊട്ടലും ഉണ്ടായിരുന്നു. മലയോര ഹൈവേ നിർമാണ പ്രവൃത്തി 26ാം മൈൽ മുതൽ തലയാട് വരെ നടന്നുവരുകയാണ്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പല ഭാഗത്തും മണ്ണിടിച്ച് താഴ്ത്തിയാണ് പണി നടക്കുന്നത്.