കോഴിക്കോട്: ഒഡിഷയിൽനിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡിഷ സ്വദേശി ബിചിത്ര പാണ്ഡെയാണ് (42) കല്ലത്താൻകടവിൽനിന്ന് പിടിയിലായത്. ടൗൺ അസി. കമീഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എല്ലാമാസവും ഒഡിഷയിൽ പോയി കിലോ കണക്കിന് കഞ്ചാവുമായാണ് ഇയാൾ കോഴിക്കോട് തിരിച്ചെത്തുന്നത്. ഇത്തരത്തിൽ കഞ്ചാവ് കച്ചവടം ചെയ്യുന്ന ഒട്ടേറെ അന്തർ സംസ്ഥാന തൊഴിലാളികൾ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്. സമീപകാലത്ത് 25ഓളം അന്തർ സംസ്ഥാന തൊഴിലാളികളിൽനിന്ന് നൂറ് കിലോയോളം കഞ്ചാവാണ് പിടിച്ചത്.
കസബ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജഗമോഹൻ ദത്തൻ, എസ്.സി.പി.ഒമാരായ പി. സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, എ.കെ. രജീഷ്, സി.പി.ഒമാരായ കെ.എം. ജംഷാദ്, എൻ. രതീഷ്, സിറ്റി ക്രൈം സ്ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.