കുറ്റിക്കാട്ടൂർ: ഷെഡിന്റെ തൂണിൽ ഷോക്കുണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും കെട്ടിട ഉടമയും രേഖാമൂലം നിരന്തരം സമീപിച്ചിട്ടും അധികൃതർ തുടർന്ന നിസ്സംഗതയിൽ പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത വിലപ്പെട്ട ജീവൻ. ഞായറാഴ്ച രാത്രിയിലും സമീപവാസികൾ കെ.എസ്.ഇ.ബി കോവൂർ സെക്ഷനിൽ വിളിച്ച് കെട്ടിടത്തിന്റെ സർവിസ് ലൈനെങ്കിലും വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ചയാണ് പീടിക മുറിയുടെ മുൻവശത്തെ ഷെഡിൽ ഷോക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. നിരന്തരം സെക്ഷൻ ഓഫിസിൽ വിളിച്ചു പറഞ്ഞപ്പോൾ പരാതി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ നിരന്തരം വിളിച്ചതോടെയാണ് ഞായറാഴ്ച കെ.എസ്.ഇ.ബി ജീവനക്കാരെത്തിയത്. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. ഞായറാഴ്ച രാത്രി ഷെഡിൽ കയറി നിന്നവർക്ക് ഷോക്ക് അനുഭവപ്പെട്ടപ്പോൾ വീണ്ടും സെക്ഷനിൽ വിളിച്ചു പറഞ്ഞു. തുടർന്ന് 18കാരൻ ഷോക്കേറ്റ് മരിച്ചതിനുശേഷം തിങ്കളാഴ്ച രാവിലെയാണ് കെ.എസ്.ഇ.ബി അധികൃതരെത്തി സർവിസ് ലൈൻ വിച്ഛേദിച്ചത്.
പ്ലസ് ടു കഴിഞ്ഞശേഷം ഒഴിവു വേളയിൽ കിണാശ്ശേരിയിൽ ബന്ധുവിന്റെ ഹോട്ടലിൽ സഹായത്തിന് നിൽക്കുകയായിരുന്നു മുഹമ്മദ് റിജാസ്. ഇവിടെനിന്നും രാത്രി ഒന്നോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. സ്കൂട്ടർ കേടായതിനെതുടർന്ന് വീട്ടിലേക്ക് തിരിച്ചു പോകാൻ സഹോദരൻ റാഫിയെ വിളിച്ചു വരുത്തി. കാറുമായി സഹോദരൻ എത്തുമ്പോൾ സമീപത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു റിജാസ്.
ശക്തമായ മഴയുള്ളതിനാൽ സ്കൂട്ടർ സമീപത്തെ പീടിക മുറികളുടെ മുന്നിലേക്ക് മാറ്റിയിടാൻ തീരുമാനിക്കുകയായിരുന്നു. ഷെഡിലേക്ക് കയറിയപ്പോൾ തന്നെ ഷോക്ക് അനുഭവപ്പെടുന്നതായി റിജാസ് സഹോദരനോട് പറഞ്ഞിരുന്നു. ഉയർന്ന പ്രതലത്തിലുള്ള മുറ്റത്തേക്ക് ശക്തിയായി തള്ളിക്കയറ്റുന്നതിനിടെ വണ്ടി ചരിഞ്ഞപ്പോഴാണ് ഇരുമ്പ് തൂണിൽ കൈവെച്ചത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ റാഫിക്കും ഷോക്കേറ്റു.
ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലായതോടെ റാഫി സഹോദരന് പ്രഥമ ശുശ്രൂഷ നൽകുകയും സഹായത്തിന് അലറി വിളിക്കുകയും ചെയ്തു. റോഡിലൂടെ കടന്നുപോയ ആദ്യത്തെ വണ്ടിക്കാരൻ നിർത്തിയില്ല. തുടർന്ന്, രണ്ടാമത് വന്ന വണ്ടിയുടെ മുന്നിലേക്ക് ചാടി നിർത്തിക്കുകയായിരുന്നു. ഇതിനിടെ ചില നാട്ടുകാരും സ്ഥലത്തെത്തി. തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ടോടെ പൂവാട്ടുപറമ്പ് ആലുംപിലാക്കൽ ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.
റിജാസിന്റെ മരണം സ്വാഭാവിക അപകടമല്ലെന്നും കെ.എസ്.ഇ.ബി അധികൃതർ നടത്തിയ കൊലപാതകമാണെന്നും ആരോപിച്ച് യൂത്ത് ലീഗ് പ്രതിഷേധം. മരണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് കോവൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി.