കുന്ദമംഗലം: പീഡനക്കേസിലെ പ്രതികൾ രണ്ട് വർഷത്തിന് ശേഷം പിടിയിലായി. 2022 ജൂണിൽ നടന്ന സംഭവത്തിലെ പ്രതികളാണ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട അനാഥയായ സ്ത്രീയെ കുന്ദമംഗലം ഒഴയാടിയിലെ ഒരു ഫ്ലാറ്റിലെത്തി പീഡിപ്പിച്ചു എന്നും മുഖത്ത് ചൂടുവെള്ളമൊഴിക്കുകയും മർദിക്കുകയും ചെയ്തുവെന്നുമാണ് കേസ്.
കൊണ്ടോട്ടി മേലങ്ങാടി പാറയിൽ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരി മുഹമ്മദ് ഷെബീൽ (28), കൊണ്ടോട്ടി പുളിക്കൽ വല്ലിയിൽ മുഹമ്മദ് ഫൈസൽ (28) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ സ്ത്രീ ഒന്നര വർഷമായി അബോധാവസ്ഥയിലായിരുന്നു എന്നും പിന്നീട് ആശ്രമത്തിൽ അന്തേവാസിയായി കഴിയുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.
അസുഖം ഭേദമായപ്പോൾ കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാർ ഇരയുടെ മൊഴി കൂടുതലായി രേഖപ്പെടുത്തി. ഇരയുടെ മൊഴിയിൽനിന്ന് അധികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഴുതടച്ച അന്വേഷണത്തിലാണ് പൊലീസ് രണ്ട് വർഷത്തിനിപ്പുറം പ്രതികളിലേക്ക് എത്തിയത്.
പ്രതികൾ അവരുടെ മൊബൈൽ നമ്പറും അഡ്രസും മാറിയതിനാൽ പൊലീസിന് അവരിലേക്കെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
പ്രതികൾ മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ രഹസ്യമായി അന്വേഷണം നടത്തിയും മറ്റും പ്രതികളെക്കുറിച്ച് അവിടെ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ഫോട്ടോ ഇരയെ കാണിച്ചു തിരിച്ചറിഞ്ഞ ശേഷമാണ് മൂവരെയും പിടികൂടിയത്. കുന്ദമംഗലം പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും.
കൊണ്ടോട്ടി, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സനീത്ത്, സന്തോഷ്, സുരേഷ്, എസ്.സി.പി.ഒമാരായ വിശോഭ്, പ്രമോദ്, അജീഷ്, സി.പി.ഒ വിപിൻ, എ.എസ്.ഐ ലീന എന്നിവരാണ് പ്രതികളെ പിടികൂടിയത്.