വടകര: സി.പി.എം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ടി.പി. ചന്ദ്രശേഖരന്റേതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. ടി.പി അനുസ്മരണത്തിൽ ഒഞ്ചിയത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
12 വർഷങ്ങൾക്കിപ്പുറം പ്രതികൾക്ക് ശിക്ഷ ഇരട്ടിയാക്കിയതും കീഴ്കോടതി വെറുതെ വിട്ട കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ ഹൈകോടതി ശിക്ഷിച്ചതും സി.പി.എമ്മാണ് കൃത്യം നടപ്പാക്കിയതെന്നതിന് തെളിവാണ്. തുടരന്വേഷണത്തിൽ ഉന്നതരുടെ പങ്ക് കൂടി വ്യക്തമായിരിക്കുകയാണ്.
പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പ് രംഗത്തുള്ളപ്പോൾ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. ഇത് സംഘ്പരിവാറിന് ഊർജം പകരുന്നതായി.
വടകരയിൽ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള വർഗീയ, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണമെന്നും എൻ. വേണു ചൂണ്ടിക്കാട്ടി.