അത്തോളി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് മരിച്ച സംഭവത്തിലെ പ്രതി കൊല്ലപ്പെട്ടയാളുടെ ആത്മസുഹൃത്ത്. വേളൂർ തോട്ടത്തിൽ മീത്തൽ അനൂപ് (34) ആണ് സുഹൃത്തിന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണപ്പെട്ടത്. പ്രതിയായ അന്നശ്ശേരി ചെമ്പിലാം പൂക്കോട് സുബീഷും മരണപ്പെട്ട അനൂപും ബാല്യകാലം മുതലേ സുഹൃത്തുക്കളായിരുന്നു.
സുബീഷിന്റെ വീടിനടുത്തായിരുന്നു അനൂപും താമസം. പിന്നീടാണ് അനൂപ് അത്തോളി വേളൂരിലേക്ക് താമസം മാറിയത്. അന്നശ്ശേരി ഭാഗങ്ങളിലെ കല്യാണങ്ങളിലും ആഘോഷങ്ങളിലും അനൂപ് സജീവ സാന്നിധ്യമായിരുന്നു. സുബീഷിന്റെ വീട്ടിൽ ഇവർ ഒത്തുകൂടാറുമുണ്ടായിരുന്നു. അത്രയേറെ അടുപ്പമുള്ളവരായിരുന്നു രണ്ടുപേരുമെന്ന് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു.
അനൂപിന്റെ മരണം ഏറെ ഞെട്ടലോടെയാണ് ഇരുപ്രദേശത്തെയും നാട്ടുകാർ കേട്ടത്. എന്താണ് സുഹൃത്തുകൾക്കിടയിലുണ്ടായത് എന്നറിയാതെ പരസ്പരം ചോദിക്കുകയാണ് നാട്ടുകാർ. കെട്ടിട നിർമാണ തൊഴിലാളിയും അവിവാഹിതനുമായ അനൂപ് സൗമ്യസ്വഭാവക്കാരനായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് അന്നശ്ശേരിയിലെ സുബീഷിന്റെ വീട്ടിൽവെച്ച് അനൂപിന് നേരെ ആക്രമണം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന അനൂപിന്റെ തലക്ക് ഇരുമ്പ് പട്ടിക ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. തലക്ക് ആഴത്തിൽ മുറിവേറ്റ് തലയോട്ടി പൊട്ടിയ അനൂപിനെ പ്രതി ഇടവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
അബോധാവസ്ഥയിൽ കിടന്ന അനൂപിനെ പുലർച്ചയോടെയാണ് സമീപവാസികൾ കാണുകയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. പ്രതി സുബീഷിനെ എലത്തൂർ പൊലീസ് പിറ്റേദിവസം തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം അത്തോളി വേളൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.