പേരാമ്പ്ര: തൊഴിലില്ലെന്ന് പറഞ്ഞ് വെറുതെയിരിക്കാൻ മുബശ്ശിർ തയാറായില്ല. വീട്ടിൽ ഒരു ചെരുപ്പ് നിർമാണ സംരംഭമൊരുക്കിയാണ് യുവാവ് തൊഴിലന്വേഷകർക്ക് മാതൃകയായത്. ചെറുവണ്ണൂരിലെ മലയിൽ വീടിനോട് ചേർന്ന് ഒരു ഷെഡ് ഒരുക്കി. ഹവായ് ചെരുപ്പാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ചെരുപ്പ് നിർമാണത്തിന് ആവശ്യമായ നാല് മെഷീൻ വാങ്ങിച്ചു. അസംസ്കൃത വസ്തുക്കൾ ഡൽഹിയിൽ നിന്നാണെത്തിക്കുന്നത്.
ചെരുപ്പ് നിർമിച്ച് കടകളിൽ എത്തിച്ചാണ് വിൽപന. വീട്ടിലെത്തുന്ന ആവശ്യക്കാർക്കും മിതമായ വിലയിൽ ചെരുപ്പ് നൽകുന്നുണ്ട്. യൂട്യൂബ് നോക്കിയാണ് ചെരുപ്പ് നിർമാണം പഠിച്ചത്. തന്റെ ഉൽപന്നത്തിന് മലയിൽ സ്ലിപേഴ്സ് എന്ന പേരും നൽകിയിട്ടുണ്ട്. ഇപ്പോൾ നിർമാണവും വിൽപനയുമെല്ലാം ഒറ്റക്കാണ് ചെയ്യുന്നത്.
കൂടുതൽ ആളുകൾക്ക് തൊഴിലവസരം നൽകാനാകുമെന്നാണ് മുബശ്ശിർ പറയുന്നത്. വിദ്യാർഥി -യുവജന രാഷ്ട്രീയത്തിൽ സജീവമായ മുബശ്ശിറിന് തൊഴിലിനൊപ്പം പൊതുപ്രവർത്തനവും മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.