ഫറോക്ക്: ‘‘ന്റെ കുട്ടീനെ ഒന്നു കാണാനാണ് ഈ ഉമ്മ കാത്തിരിക്കുന്നത്’’ -സൗദി ജയിലിലുള്ള മകൻ റഹീമിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ഉമ്മ ഫാത്തിമ. പൊട്ടിക്കരഞ്ഞുകൊണ്ട് സംസാരിച്ച ഉമ്മയോട് കരയാതിരിക്കൂവെന്ന് സന്തോഷത്തോടെ റഹീം പറഞ്ഞതു കേട്ടപ്പോൾ ഉമ്മക്ക് വീണ്ടും സങ്കടം അടക്കാനായില്ല.
ഒരു ചാനലിന്റെ പ്രവർത്തകർ ശനിയാഴ്ച രാവിലെ വീട്ടിലെത്തി റഹീമുമായി സൗദിയിലേക്ക് ഫോൺ ചെയ്തായിരുന്നു ഉമ്മയുമായി സംസാരിക്കാനുള്ള അവസരമൊരുക്കിയത്.
അക്ഷീണ പ്രയത്നത്തിലൂടെ തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച മുഴുവൻ ജനങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുമെന്നു പറഞ്ഞ റഹീം, ഉമ്മയെ പിന്നീട് വിളിക്കാമെന്നു പറഞ്ഞു ഫോൺ സംഭാഷണം നിർത്തുകയായിരുന്നു. മകനെയോർത്ത് കഴിഞ്ഞ 18 വർഷമായി ഉറക്കമില്ലാതെ ദിനരാത്രങ്ങൾ തള്ളിനീക്കിയ ഫാത്തിമ ശരിക്കുമൊന്ന് ഉറങ്ങിയത് വെള്ളിയാഴ്ച രാത്രിയായിരുന്നു.
ശനിയാഴ്ച പകൽ മുഴുവൻ റഹീമിന്റെ വീട്ടിലേക്ക് ക്ഷേമകാര്യങ്ങൾ തിരക്കി വരുന്നവരുടെ തിരക്കായിരുന്നു. വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ ഇതിൽ ഉൾപ്പെടുന്നു.
പണം നൽകിയാലും സൗദി ജയിലിൽനിന്ന് മോചിതനാകാൻ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ടിവരുമെന്നാണ് റിയാദിൽ നിന്നുള്ള വിവരം.
ഇന്ത്യൻ എംബസി മുഖാന്തരം പണം കൈമാറിയാലും കോടതി നടപടിക്രമങ്ങൾ തീർത്തുകിട്ടാൻ താമസം നേരിടും.