വടകര: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എമ്മിനെയും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കര്‍. സി.പി.എം ബോംബ് ഫാക്ടറിയായി മാറുകയാണെന്നും കേരളത്തെ തീവ്രവാദികളുടെ ഹബ്ബാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവ്ദേക്കര്‍ വടകരയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ജനങ്ങളെ കൊന്ന് കേരളത്തെ കലാപ ഭൂമിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പാനൂർ സ്ഫോടനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ഡി.വൈ.എഫ്.ഐ നേതാക്കളാണ്.
സി.പി.എമ്മിന് സ്ഫോടനവുമായി ബന്ധമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്ഥാനാർഥിയുടെ വളരെ അടുത്തുനിന്ന് ഫോട്ടോയെടുക്കാൻ പ്രതികൾക്ക് സാധിച്ചത്. ഒരു ബന്ധവും ഇല്ലാത്തവരെ ഇത്ര ക്ലോസ് സർക്കിളിൽ നിർത്തുമോ.
വിഷയത്തിൽ നിന്നും സി.പി.എമ്മിന് ഓടിയൊളിക്കാൻ പറ്റില്ല. ഫോട്ടോ എടുത്തതിൽ കെ.കെ. ശൈലജ മറുപടി പറയണം. എൻ.ഡി.എ ഇതുസംബന്ധിച്ച് വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ബി.ജെ.പി കേരളത്തിൽ അഞ്ചിൽ അധികം സീറ്റ് നേടുമെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.