
മുക്കം: മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കാനുള്ള ശ്രമം വീട്ടമ്മയുടെ ചെറുത്തുനിൽപിൽ പരാജയപ്പെട്ടു. ബുധനാഴ്ച പുലർച്ച 3.45ഓടെ കാരശ്ശേരി പഞ്ചായത്തിലെ വല്ലാത്തായിപാറയിലാണ് സംഭവം.
കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ പുലർച്ച അത്താഴമൊരുക്കാൻ അടുക്കള ഭാഗത്തെ വാതിൽ തുറന്ന് വർക്ക് ഏരിയയിലേക്ക് എത്തിയപ്പോൾ ഒളിച്ചിരുന്ന മോഷ്ടാവ് മുളകുപൊടി എറിയുകയും കഴുത്തിൽ കിടന്ന മാല മോഷ്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീടിന്റെ പിൻഭാഗത്തെ ഗ്രില്ല് തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. തുടർന്ന് സഫിയയുടെ മുഖത്തേക്ക് മുളകുപൊടി വിതറിയെങ്കിലും ഭാഗ്യത്തിന് കണ്ണിൽ ആവാത്തതിനാൽ രക്ഷപ്പെട്ടു. ഇതിനിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവുമായി സഫിയ പത്ത് മിനിറ്റോളം മൽപിടിത്തത്തിലേർപ്പെട്ടു. ശബ്ദം കേട്ട് സഫിയയുടെ മകൾകൂടി എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ പ്രദേശത്ത് ഇത് നാലാം തവണയാണ് ഇത്തരത്തിലുള്ള സംഭവം. ഇതിൽ മൂന്ന് തവണയും മാല മോഷ്ടിക്കുകയും ചെയ്തു. ആറുമാസം മുമ്പ് 50 കാരിയായ സൗധയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചത്. ഒരു മാസം മുമ്പ് തൊട്ടടുത്ത ജമീലയുടെ ഒന്നര പവന്റെ മാലയും മോഷ്ടിച്ചു. എല്ലാ കേസിലും പ്രതി ഒരാൾതന്നെയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ.
പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് മോഷ്ടാവെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തേയും പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിരുന്നില്ല.