നാദാപുരം: പോക്സോ കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം പിഴയും വിധിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതി കല്ലാച്ചിയിലെ വർക്ക്ഷോപ് ഉടമ രാജീവനാണ് (62) നാദാപുരം അതിവേഗ കോടതി ജഡ്ജി എം. ശുഹൈബ് 25 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചത്. 2023 ഫെബ്രുവരി 19നാണ് പ്രതി കുട്ടിക്കെതിരെ അതിക്രമം നടത്തിയത്. മകന്റെ വിവാഹത്തോടനുബന്ധിച്ച് ഭക്ഷണലിസ്റ്റിടുന്ന ദിവസം പെൺകുട്ടിയെ വീട്ടിലെ മുകൾനിലയിലെ മുറിയിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
സംഭവത്തിനുശേഷം മാനസികാവസ്ഥ തകരാറിലായ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. നാദാപുരം പൊലീസ് ചാർജ് ചെയ്ത കേസിൽ എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഗ്രേഡ് എ.എസ്.ഐ സുശീല മൊഴി രേഖപ്പെടുത്തി. സി.ഐ ഇ.വി. ഫായിസ് അലിയാണ് കുറ്റപത്രം സമർപ്പിച്ചത്. 14 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മനോജ് അരൂർ ഹാജരായി.