മുക്കം: കാരശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മരഞ്ചാട്ടി -കുന്തംചാരി -കൂട്ടക്കര റോഡരികിൽ മാലിന്യം തള്ളിയവർക്കതിരെ പിഴ ചുമത്തി കാരശ്ശേരി പഞ്ചായത്ത്. കൂടരഞ്ഞി കൊല്ലാപ്പിള്ളിൽ സ്വദേശി അഖിൽ കുര്യനിൽ നിന്നാണ് പഞ്ചായത്ത് സെക്രട്ടറി പതിനായിരം രൂപ പിഴ ഈടാക്കിയത്. മാലിന്യം നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചയാണ് റോഡരികിലെ വിജനമായ സ്ഥലത്ത് പത്തോളം ചാക്ക് മാലിന്യം തള്ളിയത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ കാരശ്ശേരി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. പിന്നീട് പ്രദേശവാസികൾ തന്നെ വിശദമായി പരിശോധിച്ചണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്.