
ബാലുശ്ശേരി: കക്കയം ഡാംസൈറ്റിലെ ഹൈഡൽ ടൂറിസം സെന്ററിൽ കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഒറ്റയാനായ ചുള്ളിക്കൊമ്പൻ ഹൈഡൽ ടൂറിസം സെന്ററിലെ ചിൽഡ്രൻസ് പാർക്കിനടുത്തു വന്നത്. നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയില്ല. ഹൈഡൽ ടൂറിസത്തിലെയും വനംവകുപ്പിലെയും ജീവനക്കാർ ബഹളംവെച്ചതോടെ സമീപത്തെ കാട്ടിലേക്കു കയറിപ്പോയി. കഴിഞ്ഞ ജനുവരി 19ന് രാത്രി കാട്ടുപോത്ത് ടൂറിസം സെന്റററിന് സമീപത്ത് ഇറങ്ങിയിരുന്നു. തൊട്ടടുത്ത ദിവസം 20ന് പകൽ സമയത്ത് ഹൈഡൽ ടൂറിസം ചിൽഡ്രൻസ് പാർക്കിൽ വെച്ച് വിനോദസഞ്ചാരികളായ അമ്മയെയും മകളെയും ഇതേ കാട്ടുപോത്ത് ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ഡാം സൈറ്റിൽനിന്ന് ഏതാനും കിലോമീറ്റർ താഴ്വാരത്ത് മാർച്ച് അഞ്ചിന് കർഷകനായ പാലാട്ടിൽ അബ്രഹാം കൃഷിയിടത്തിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചിരുന്നു. ഡാം സൈറ്റിനു താഴെ കക്കയം അങ്ങാടിക്കടുത്ത് കാട്ടാനയുടെ വിളയാട്ടത്തിൽ ഒട്ടേറെ കാർഷിക വിളകൾ നശിച്ചിട്ടുണ്ട്.

കക്കയം ഡാം സൈറ്റിലെ ഹൈഡൽ ടൂറിസം സെന്ററിൽ കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാന