പേരാമ്പ്ര: വടകര ലോക്സഭ മണ്ഡലത്തിലെ സിറ്റിങ് എം.പിയായ കെ. മുരളീധരൻ ഇത്തവണയും വടകരയിൽ നിന്നുതന്നെ ജനവിധി തേടുമെന്നുറപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ നേരത്തെ പ്രചാരണ രംഗത്തിറങ്ങിയിരുന്നു. പലയിടങ്ങളിലും ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. എന്നാൽ, പത്മജ വേണുഗോപാലിന്റെ ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റത്തെത്തുടർന്ന് മുരളിയെ തൃശൂർ മണ്ഡലത്തിലേക്ക് മാറ്റിയതോടെ അണികളുടെ ഇതുവരെയുള്ള പ്രവർത്തനം വൃഥാവിലായി.
പേരാമ്പ്രയിൽ ആയിരത്തോളം ബോർഡുകളാണ് മുരളീധരനായി ഇറക്കിയത്. ഇതിൽ കുറച്ചുബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. മുരളി മണ്ഡലം മാറുന്നതിൽ ചെറിയ അതൃപ്തി അണികൾക്കുണ്ടെങ്കിലും ആരും പരസ്യമാക്കുന്നില്ല. മുരളി മാറിയതിനെക്കുറിച്ച് പേരാമ്പ്രയിലെ ഒരു യു.ഡി.വൈ.എഫ് നേതാവിനോട് ചോദിച്ചപ്പോൾ മുരളിയാണെങ്കിൽ കുറച്ച് പണിയെടുത്താൽ മതിയെന്നായിരുന്നു. എന്നാൽ, പുതിയ ആളാവുമ്പോൾ നന്നായി അധ്വാനിക്കണം. ഷാഫി പറമ്പിൽ ആണെങ്കിൽ യുവാക്കൾക്കിടയിൽ ഒരു തരംഗമുണ്ടാക്കുമെന്നും നേതാവ് പറഞ്ഞു. ഇത്തരം പ്രതികരണങ്ങൾ അല്ലാതെ വലിയ എതിർപ്പൊന്നും മുന്നണി അണികൾക്കിടയിൽ കാണാനില്ല.
മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച രണ്ടുകെട്ട് ബാനറുകൾ വെള്ളിയാഴ്ച രാവിലെ പേരാമ്പ്ര ബസ് സ്റ്റാൻഡിനുസമീപത്ത് അനാഥമായി കിടന്നിരുന്നു. യു.ഡി.എഫിൽ അനിശ്ചിതത്വം തുടരുമ്പോഴും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ മണ്ഡലത്തിൽ സജീവമാണ്. പേരാമ്പ്ര മണ്ഡലത്തിൽ അവർ ആദ്യ ഘട്ട പ്രചാരണം നടത്തി.