കൊടുവള്ളി: ആസൂത്രണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ചെറുകിട നിർമാണ-വിതരണ സംരംഭകർക്ക് സ്വന്തമായി നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് മാനിപുരം വൈക്കര പൊട്ടൻപിലാക്കിൽ കെ.സി. ഷമീന. വേണ്ടത്ര ആസൂത്രണമില്ലായ്മ ഉൽപാദനത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നുവെന്നും ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ആളുകൾ ബഹിഷ്കരിക്കുന്നെന്നും മനസ്സിലാക്കിയാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
ക്ലീനിങ് ഉൽപന്നങ്ങൾ, ചെറുകിട സോപ്പ് എന്നിവ നിർമാണ-വിതരണ സംരംഭകർക്ക് നിർമിച്ചുനൽകുന്ന റാസ് ഡിറ്റർജന്റ് ആൻഡ് ഫാബ്രിക് കെയർ പ്രോഡക്ട് എന്ന നിർമാണ പ്ലാന്റാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചത്. കസ്റ്റമർക്ക് എവിടെനിന്നും സ്വന്തം മൊബൈലിൽനിന്ന് നിർമാണപ്രക്രിയയും ഗുണനിലവാരവും വിലയിരുത്താനും നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ട് കൊല്ലം മുമ്പ് ചെറിയ മുതൽമുടക്കിൽ 25 കി.ഗ്രാം നിർമിക്കാവുന്ന തരത്തിലാണ് സംരംഭം ആരംഭിച്ചത്. ഇപ്പോൾ ആയിരം കി.ഗ്രാം നിർമിക്കാവുന്ന തരത്തിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാന്റ് വിപുലപ്പെടുത്തിയത്. ബംഗളൂരുവിൽനിന്നാണ് ഇവർ ഉൽപന്ന നിർമാണ പരിശീലനം പൂർത്തിയാക്കിയത്.
മൊത്തവിതരണക്കാർക്ക് ക്ലീനിങ് ഉൽപന്നങ്ങൾ അവരുടെ ബ്രാൻഡിൽ തന്നെ ആവശ്യപ്പെടുന്ന ഗുണനിലവാരത്തിൽ ലേബൽ ചെയ്തു കൊടുക്കും. ഉൽപന്നങ്ങൾ ഉൽപാദന സമയത്ത് മൊബൈൽ ആപ്പിലൂടെ നിരീക്ഷിക്കാൻ കഴിയും. ഉൽപന്നങ്ങൾ പണം അടച്ചാൽ എ.ടി.എം രൂപത്തിൽ ലഭ്യമാക്കുന്ന പദ്ധതിയും ഉടൻ യാഥാർഥ്യമാക്കുമെന്നും ഷമീന പറഞ്ഞു. മാനിപുരം പത്താം ഡിവിഷനിലെ വാനില അയൽക്കൂട്ടത്തിലെ കുടുംബശ്രീ യൂനിറ്റിന്റെ കീഴിൽ ഇവർതന്നെ വിരാഗോ ടെക് എന്ന പേരിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണവും വിതരണവും ആരംഭിച്ചിട്ടുണ്ട്. മേഖലയിലേക്ക് കടന്നുവരാൻ താൽപര്യമുള്ള കുടുംബശ്രീ യൂനിറ്റുകൾക്കും സ്ത്രീകൾക്കും പരിശീലനവും ഒരുക്കുന്നുണ്ട്. എല്ലാറ്റിനും പിന്തുണയായി ഭർത്താവ് റഷീദ് മുഹമ്മദും കൂടെയുണ്ട്.