കോഴിക്കോട്: ആന്ധ്രയിൽനിന്ന് കാറിൽ കോഴിക്കോട് വിൽപനക്കെത്തിച്ച 55 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. ചാത്തമംഗലം നെല്ലിക്കോട് പറമ്പിൽ എൻ.പി. മുരളീധരൻ (40), പനത്തടി പള്ളികുന്നേൽ വീട്ടിൽ പി.പി. ജോൺസൻ (58) എന്നിവരെയാണ് സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്ക്വാഡും എസ്.ഐ പി.ടി. സെയ്ഫുല്ലയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടിയത്.
ഞായറാഴ്ച പുലർച്ച പൂവാട്ട്പറമ്പ് തോട്ടുമുക്ക് ഭാഗത്തുനിന്നാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് 20 ലക്ഷത്തോളം രൂപ വിപണിവില വരും.
പിടിയിലായ മുരളീധരൻ 100 കിലോയോളം കഞ്ചാവ് കാറിൽ കടത്തിയതിന് ആന്ധ്ര ജയിലിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും കഞ്ചാവ് വിൽപനയിലേക്ക് ഇറങ്ങുകയായിരുന്നു. പിടിയിലായ ഇരുവരും അന്തർസംസ്ഥാന ലോറികളിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്.
അന്ധ്രപ്രദേശിലെ കഞ്ചാവ് വിൽപനക്കാരുമായി മുരളീധരന് ബന്ധമുണ്ട്. ‘കഞ്ചാവ് തോട്ടത്തിൽ’ പോയി കുറഞ്ഞ വിലക്കാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ഓരോ തവണയും ഓരോ വാഹനം ഉപയോഗിക്കുന്നതും ഇതരസംസ്ഥാന വാഹന നമ്പറുകൾ ഉപയോഗിക്കുന്നതും ഇയാളെ പിടിക്കുന്നതിന് പൊലീസിന് ശ്രമകരമായി.
മലപ്പുറം, പാലക്കാട്, വയനാട്, തൃശൂർ എന്നിവിടങ്ങളിലെ വൻകിട കഞ്ചാവ് കച്ചവടക്കാർക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചുനൽകുന്ന ആളാണെന്നും ഇയാൾക്ക് കഞ്ചാവ് കച്ചവടത്തിന് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും ഇടപാടുകാരെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നാർകോട്ടിക്ക് സെൽ അസി. കമീഷണർ ടി.പി. ജേക്കബ് പറഞ്ഞു.
സിറ്റി ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് എടയേടത്, എ.എസ്.ഐ കെ. അബ്ദുർറഹ്മാൻ, അനീഷ് മുസ്സാൻ വീട്, കെ. അഖിലേഷ്, ജിനേഷ് ചുലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ഇബ്നു ഫൈസൽ, ടി.കെ. തൗഫീഖ്, ഷിനോജ്, എം.എ. മുഹമ്മദ് മഷ്ഹൂർ, പി.കെ. ദിനീഷ്, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എ.എസ്.ഐ എം. മനോജ് കുമാർ, എസ്.സി.പി.ഒ വിനോദ് രാമിനാസ്, സി.പി.ഒ രഞ്ജു, കെ.എച്ച്.സി വിജയകുമാർ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.