വടകര: വില്യാപ്പള്ളിയിൽ കൊളത്തൂർ റോഡിൽ അടച്ചിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. നിരവധി ഭവനഭേദന, ഭണ്ഡാര മോഷണ കേസുകളിൽ പ്രതിയായ നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (64), മോഷണ മുതൽ വിൽക്കാൻ സഹായിച്ച പാലക്കാട് ചെമ്മണ്ണൂർ മാങ്ങോട് ചക്കിങ്ങൽ ബഷീർ (52) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അബ്ദുല്ല നിലവിൽ വയനാട്ടിൽ താമസിച്ച് വരുകയാണ്.
കൊളത്തൂർ റോഡിൽ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കണ്ണൂർ ചാലാട് ശ്രീനിലയത്തിൽ വില്യാപ്പള്ളി എം.ജെ. ആശുപത്രിയിലെ ഡോ. സനീഷ് രാജിന്റെ കണിയാങ്കണ്ടി പാലത്തിനു സമീപത്തെ വാടക വീട് കുത്തി തുറന്ന് 12 പവൻ സ്വർണാഭരണം കവർന്ന കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
വീടിന്റെ അലമാരയിൽ സൂക്ഷിച്ച രണ്ട് ചെയിൻ, ഒരു വള, ഒരു നക്ലയിസ് എന്നിവയടക്കം 12 പവൻ ആഭരണങ്ങളാണ് മോഷണം പോയത്.
അറസ്റ്റിലായ അബ്ദുല്ലയെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് വിൽപനക്ക് സഹായിച്ച ബഷീറിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് മണ്ണാർക്കാട് ജ്വല്ലറിയിൽ വിൽപന നടത്തിയ എട്ട് പവൻ സ്വർണാഭരണം പൊലീസ് ബുധനാഴ്ച കണ്ടെടുക്കുകയുണ്ടായി.
സംഭവ ദിവസം തൊട്ടടുത്ത ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ തകർത്തും മോഷണം നടന്നിരുന്നു. ക്ഷേത്രത്തിലെ കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. മഴക്കോട്ട് ധരിച്ച് മുഖം മറച്ചാണ് കവർച്ച നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ വ്യാഴാഴ്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
വടകര സി.ഐ. പി.എം മനോജ്, എസ്.ഐ ബാബുരാജ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ ആയ എ.എസ്.ഐ മാരായ വി.വി. ഷാജി, വി.സി. ബിനീഷ്, സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.