കോഴിക്കോട്: ആർട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ), ഡീപ് ഫേക്ക് തട്ടിപ്പുകേസിലെ രണ്ടു പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഗുജറാത്ത് സ്വദേശി ഷെയ്ക്ക് മുര്‍തുസാമിയ ഹയാത്ത് ഭായ് (43), മഹാരാഷ്ട്ര നവി മുംബൈ സ്വദേശി അമ്രിഷ് അശോക് പട്ടേല്‍ (42) എന്നിവര്‍ക്കാണ് സെഷന്‍സ് ജഡ്ജി എസ്. മുരളീകൃഷ്ണ ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതി കൗശല്‍ ഷായുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേട്ട കോടതി ഇന്ന് വിധി പറയും.
ലക്ഷം രൂപയുടെ ബോണ്ടിലും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ എല്ലാ ചൊവ്വാഴ്ചയും രാവിലെ പത്തിനും 11നും ഇടക്ക് ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത്. പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. പാസ്പോര്‍ട്ട് ഇല്ലെങ്കില്‍ ഏഴു ദിവസത്തിനകം സത്യവാങ്മൂലം ഫയല്‍ ചെയ്യണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല. ജാമ്യത്തിലിരിക്കെ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉത്തരവിലുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ഇതില്‍ പറയുന്നുണ്ട്.
ഹയാത്ത് ഭായ് നിരക്ഷരനായ ഓട്ടോ ഡ്രൈവറാണെന്നും തട്ടിപ്പില്‍ പങ്കില്ലെന്നും അയാളുടെ അഭിഭാഷകന് അഡ്വ. മുജീബ് റഹ്മാന് വാദിച്ചു. കൗശല്‍ ഷാ ഇയാളുടെ ഓട്ടോ വാടകക്ക് എടുക്കാറുണ്ടെന്നും സൗഹൃദത്തിന്റെ പേരില്‍ മകന്റെ അക്കൗണ്ട് നമ്പര്‍ നല്‍കിയതാണെന്നും അദ്ദേഹം വാദിച്ചു. അശോക് പട്ടേല്‍ ഓണ്‍ലൈന്‍ ഗെയിമിങ് ബിസിനസ് നടത്തുന്ന ആളാണെന്നും കൗശല്‍ ഷാ ഇതിലെ കളിക്കാരനാണെന്നും അഭിഭാഷകന് വാദിച്ചു. ഇവര്‍ മറ്റു പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട റാക്കറ്റിലെ കണ്ണികളാണെന്നും ജാമ്യം അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.
കൂടെ ജോലിചെയ്തിരുന്ന ആളാണെന്ന് പറഞ്ഞ് വാട്സ്ആപ് കാളിലൂടെ പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് സംഘം അറസ്റ്റിലായത്. ഹയാത്ത് ഭായിയെ നവംബറിലും അമ്രിഷ് അശോക് പട്ടേലിനെ ഡിസംബറിലുമാണ് കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതിയായ കൗഷല്‍ ഷാ തട്ടിയെടുത്ത പണം ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് കേസ്.