കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് തട്ടിയെടുത്ത പണം പരാതിക്കാരന് തിരികെ ലഭിച്ചു. കേന്ദ്ര ഗവ. സ്ഥാപനത്തില്‍നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ 40,000 രൂപയായിരുന്നു തട്ടിയെടുത്തത്. സിറ്റി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പണം തിരിച്ചുകിട്ടിയത്. കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വിഡിയോ ഇമേജും വ്യാജമായുണ്ടാക്കി ആശുപത്രി ചെലവിനാണെന്നു പറഞ്ഞ് വിഡിയോ കാളിലൂടെയാണ് പരാതിക്കാരനോട് പണം ആവശ്യപ്പെട്ടത്.
പരാതിക്കാരന്റെ കൂടെ ജോലിചെയ്തിരുന്ന, ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിലൂടെ പണം ആവശ്യപ്പെട്ടത്. വിശ്വസിപ്പിക്കുന്നതിനായി സുഹൃത്തിന്റെയും ഭാര്യയുടെയും ഫോട്ടോ അയച്ചു കൊടുക്കുകയും ശബ്ദസന്ദേശത്തിൽ സുഹൃത്തിന്റെ ശബ്ദത്തില്‍ പരാതിക്കാരന്റെ ഭാര്യയെയും മക്കളെയുംകുറിച്ച് അന്വേഷിക്കുകയുംചെയ്തു.
മുംബൈയിലെ ആശുപത്രിയിലുള്ള ഭാര്യയുടെ സഹോദരിക്ക് അടിയന്തര ശസ്ത്രക്രിയക്കാണ് പണമെന്നാണ് ധരിപ്പിച്ചത്. മുംബൈയിലെത്തിയാല്‍ ഉടന്‍തന്നെ തിരികെ അയച്ചുതരാമെന്നും പറഞ്ഞിരുന്നു. നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുറച്ചു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വാട്സ്ആപ് വിഡിയോ കാളില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഹൃത്തിന്റെ ദൃശ്യം കാണിച്ച് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. സിറ്റി സൈബർ ക്രൈം പൊലീസ് നല്കിയ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സി.ജെ.എം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് പരാതിക്കാരന് പണം തിരികെ ലഭിച്ചത്.
ഗുജറാത്തിൽനിന്ന് അറസ്റ്റിലായ ശൈഖ് മുർതുസമിയ ഹയാത്ത്ഭായ്, ഗോവയിലെ പഞ്ചിമിൽനിന്ന് അറസ്റ്റിലായ സിദ്ധേഷ് ആനന്ദ് കർവെയും അമരിഷ് അശോക് പാട്ടിലും കോഴിക്കോട് ജില്ല ജയിലിലും ഒന്നാം പ്രതിയായ ഗുജറാത്ത് സ്വദേശിയായ കൗശൽ ഷാ ഡൽഹിയിലെ തിഹാർ ജയിലിലും റിമാൻഡിലാണ്.