കോഴിക്കോട്: ‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരി’കളാണെന്ന പരാമർശത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തതിൽ വിമർശനവുമായി സുന്നി യുവജന സംഘം (എസ്.വൈ.എസ്). കേസെടുത്ത നടപടിയിലുള്ള പ്രതിഷേധം സംസ്ഥാന സർക്കാറിനെ അറിയിക്കുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരി’കളാണെന്ന പരാമർശത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. നിസ അധ്യക്ഷ വി.പി. സുഹ്റ നൽകിയ പരാതിയിലാണ് മതവികാരം വ്രണപ്പെടുത്തൽ അടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശം സമസ്ത നേതാവ് ഉമർ ഫൈസി മുക്കം നടത്തിയത്. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമീഷണർക്കാണ് വി.പി. സുഹ്റ പരാതി നൽകിയത്. ഒക്ടോബറിൽ നൽകിയ പരാതി നടക്കാവ് പൊലീസിന് കമീഷണർ കൈമാറുകയായിരുന്നു.
ഉമർ ഫൈസിയുടെ പരാമർശത്തിനെതിരെ അന്നുതന്നെ തട്ടമൂരി പരസ്യ പ്രതിഷേധം സുഹ്റ നടത്തുകയും ചെയ്തിരുന്നു. കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് എന്ന പരിപാടിയിൽ വെച്ചായിരുന്നു ഈ പ്രതിഷേധം.