കോഴിക്കോട്: ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറുമായി കടന്നുകളഞ്ഞ ഗുണ്ടസംഘം അറസ്റ്റിൽ.
നിരവധി മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയായ മെഡിക്കൽ കോളജ് സ്വദേശി ബിലാൽ ബക്കർ (27), തൊണ്ടയാട് സ്വദേശി എടശ്ശേരി മീത്തൽ ധനേഷ് (32), കൊമ്മേരി സ്വദേശി സുബിൻ പോൾ (36) എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്.
ഒക്ടോബർ ആറിന് പകൽ 11നാണ് സംഭവങ്ങളുടെ തുടക്കം. തലക്കുളത്തൂർ സ്വദേശിയായ പരാതിക്കാരന്റെ സിവിൽ സ്റ്റേഷനു സമീപമുള്ള വീട്ടിലെത്തിയ സംഘം ബലമായി പിടിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് മർദിക്കുകയും കത്തികാണിച്ച് കൈവശമുണ്ടായിരുന്ന കാറും രൂപയും തട്ടിയെടുക്കുകയുമായിരുന്നു. കേസെടുത്ത പൊലീസ് ബാറിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ക്വട്ടേഷൻ സംഘത്തിലെ കുപ്രസിദ്ധനായ ബിലാൽ ബക്കറും കൂട്ടാളികളുമാണെന്ന് വ്യക്തമായി.
കവർന്ന കാർ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ പാർക്കിങ് സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവിടെ നിന്നാണ് ബിലാൽ ബക്കറും പിടിയിലായത്. മറ്റു രണ്ട് പ്രതികളെയും അവരുടെ വീടുകളിലെത്തി അറസ്റ്റുചെയ്തു.അവശേഷിച്ചവർക്കായി അന്വേഷണം ഊർജിതമാക്കി. ടൗൺ അസി. കമീഷണർ പി. ബിജുരാജ്, കസബ ഇൻസ്പെക്ടർ കൈലാസ് നാഥ്, എസ്.ഐ ജഗമോഹൻ ദത്തൻ, എ.എസ്.ഐ ഷൈജു, എസ്.സി.പി.ഒമാരായ പി. സജേഷ് കുമാർ, പി. സുധർമൻ, കെ. രഞ്ജിത്ത്, സി.പി.ഒ യു. അർജുൻ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.