എകരൂൽ: അമിത വൈദ്യുതിപ്രവാഹത്തെ തുടർന്ന് ഉണ്ണികുളം പരപ്പിൽ പ്രദേശത്ത് ഏതാനും വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ തകരാറിലായി. പരപ്പിൽ ട്രാൻസ്ഫോമറിന് കീഴിലെ വീടുകളിലാണ് വയറിങ് ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചത്.
കഴിഞ്ഞദിവസം സന്ധ്യാസമയത്താണ് സംഭവം. വൈദ്യുതി ഉപകരണങ്ങൾ കൂട്ടത്തോടെ നിലക്കുകയും വയറുകൾ കത്തുന്ന മണവും വന്നതോടെ പലരും പരിഭ്രാന്തിയിലായി. ഉണ്ണികുളം സെക്ഷൻ ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതരെത്തി ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിച്ചു.
പല വീടുകളിലും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അധികൃതർ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഉപഭോക്താക്കൾ ഉണ്ണികുളം വൈദ്യുതി ഓഫിസിൽ പരാതി നൽകി.