ബാലുശ്ശേരി: കടയടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിയെ ആക്രമിച്ച ലഹരിസംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൂനൂർ ചാലുപറമ്പിൽ ദിൽജിത്ത് (29), ബാലുശ്ശേരി ആണോൽ സരുൺ (34), കരുമല തൈകേളോത്ത് ദിപിൻ ലാൽ (34) എന്നിവരെയാണ് ബാലുശ്ശേരി എസ്.ഐ പി. റഫീഖ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരിൽ വധശ്രമത്തിനാണ് കേസെടുത്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കൈരളി റോഡിലെ റോയൽ ഹാർഡ് വേർസ് ഉടമ ചാത്തോത്ത് അരവിന്ദാക്ഷനെ (58) കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചിരുന്നു. കടയടച്ച് വീട്ടിലേക്കു പോകുമ്പോൾ കൈരളി റോഡിലെ വീടിന്റെ മുന്നിൽ വെച്ചായിരുന്നു ആക്രമണം.
സ്റ്റീൽ വടി, കല്ല് എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ അരവിന്ദാക്ഷന് മുഖത്തും കണ്ണിനും തലക്കും പരിക്കേറ്റിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ അരവിന്ദാക്ഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.