കക്കോടി : കരിയാത്തൻമലയിലെ അടിക്കാടിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു ഭാഗത്തുനിന്ന് കത്തിത്തുടങ്ങി മലയുടെ വിവിധ ഭാഗങ്ങളിലേക്ക് തീ പടരുകയായിരുന്നു. ശക്തമായ വെയിലുള്ളതിനാൽ ഉണങ്ങിയ അടിക്കാടുകളിലൂടെ തീ ആളിപ്പടർന്നു. പത്ത് ഏക്കറോളം ഭാഗത്തെ കാടുകൾ കത്തിപ്പോയി.
എടോളി മീത്തൽ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കത്തിനശിച്ചു. വെള്ളിമാടുകുന്നിൽനിന്ന് സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റും ബീച്ചിൽനിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാസേനയെത്തി. ഫയർ യൂണിറ്റ് വാഹനത്തിന് എത്താൻപറ്റാത്ത ഭാഗമായതിനാലും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഗ്രേഡ് എ.എസ്.ടി.ഒ. കെ.ടി. രാജീവൻ, ഫയർ ഓഫീസർമാരായ കെ.ടി. നിഖിൽ, അഭിലജ്പത്ലാൽ, മനുപ്രസാദ്, സുബിൻ, ഹോംഗാർഡ് തോമസ് ജോൺ എന്നിവർ നേതൃത്വം നൽകി.