പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നാം ഘട്ടമായി അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചാണ് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്.കെട്ടിടത്തിന്റെ ശിലാസ്ഥാപനം 15 ന് രാവിലെ 10 മണിക്ക് ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
പഴയ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസാണ് 2000ത്തിൽ ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസായി ഉപയോഗിച്ച് വന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും ഓഫീസിലെ സ്ഥല പരിമിധിയും കാരണം പുതിയ കെട്ടിടം എന്ന ആവശ്യം ഉയരുകയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോഴിക്കോട് എ.ഡി.സി എം. മിനി എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, ശാരദ പട്ടേരിക്കണ്ടി, സി.കെ. ശശി, കെ. സുനിൽ, ഉണ്ണി വേങ്ങേരി, എൻ.ടി. ഷിജിത്ത്, കെ.കെ. ബിന്ദു, ജില്ലാ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.