പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലും സമീപത്തെ ശിവക്ഷേത്രത്തിലും കവർച്ച. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. സ്കൂളിലെ വി.എച്ച്.എസ്.സി ഓഫിസിന്റെ പൂട്ട് തിങ്കളാഴ്ച പുലർച്ച 3.26ഓടെ മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് തകർക്കുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാവുന്നുണ്ട്.
പൂട്ട് തകർത്ത് ഓഫിസിനകത്ത് കയറിയ മോഷ്ടാവ് മേശയിൽനിന്ന് താക്കോൽ കൈക്കലാക്കിയശേഷം അലമാരകൾ തുറന്ന് രേഖകൾ വാരിവലിച്ചിട്ട് 5000ത്തോളം രൂപയും കവർന്നതായി കണ്ടെത്തി. സമീപത്തെ മഹാശിവക്ഷേത്ര ഓഫിസിലും പൂട്ടുകൾ തകർത്ത് പണം മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പയ്യോളി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ച സംഘത്തിൽ ഒന്നിലധികം പേരുണ്ടെന്ന് സംശയിക്കപ്പെടുന്നു. സമാനരീതിയിൽ മൂന്നുവർഷം മുമ്പ് 2019 ആഗസ്റ്റ് ഏഴിന് ഹൈസ്കൂൾ വിഭാഗത്തിലെ ഓഫിസിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ വൻ നാശനഷ്ടം വരുത്തിയിരുന്നു.
സ്കൂളിലെ സി.സി ടി.വിയുടെ ഡി.വി.ആർ, ഓഫിസിലെ എ.സി, എഫ്.എം സ്റ്റേഷൻ തുടങ്ങി വിലപിടിപ്പുള്ള ഉപകരണങ്ങൾ അഗ്നിക്കിരയാക്കിയ ശേഷം സ്കൂൾ വളപ്പിലെ തേങ്ങകൾ പറിച്ച് മോഷ്ടിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടത്തിയിരുന്നു. ഏഴുലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് സംഭവിച്ചത്.