മാവൂർ: ഇടത് അംഗങ്ങൾ മാവൂർ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിക്കുകയും പ്രസിഡൻറിനെ ഉപരോധിക്കുകയും ചെയ്തു. പഞ്ചായത്തിലെ പൊതുജനങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഉന്നയിച്ച് ഇടത് അംഗങ്ങൾ പ്രസിഡൻറിന് കത്ത് നൽകിയിരുന്നു. ഇത് അടിയന്തര ഭരണസമിതി യോഗം വിളിച്ചുചേർത്ത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് അംഗങ്ങൾ നൽകിയ അടിയന്തര നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കത്തിൽ ആവശ്യപ്പെട്ട വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്താതെ ഭരണസമിതി യോഗം ചേരാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇടത് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗ ഹാളിൽ പ്രസിഡൻറ് ടി. രഞ്ജിത്തിനെ ഉപരോധിക്കുകയായിരുന്നു.
ഭരണസമിതി യോഗം കഴിയുന്നതുവരെ ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് നിലയുറപ്പിച്ചു. തുടർന്ന് ഇടത് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ശേഷം മാവൂരിൽ പ്രതിഷേധ യോഗം ചേർന്നു. സി.പി.എം കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറി സുരേഷ് പുതുക്കുടി, പഞ്ചായത്ത് അംഗം പി. മോഹൻദാസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശുഭ ശൈലേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. ഉണ്ണികൃഷ്ണൻ, സി. നന്ദിനി, എൻ. രജിത, മിനി രാരംപിലാക്കൽ, പ്രസന്നകുമാരി എന്നിവർ നേതൃത്വം നൽകി.