വടകര: താലൂക്കിൽ സി.എൻ.ജി ഇന്ധനം ലഭിക്കാതായതോടെ ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ. വടകര താലൂക്കിൽ ഏകദേശം 750ഓളം ഓട്ടോകളാണ് സി.എൻ.ജി ഇന്ധനം ഉപയോഗിച്ച് സർവിസ് നടത്തുന്നത്. കുറ്റ്യാടി കടേക്കൽചാലിലെ പമ്പിൽനിന്നാണ് നിലവിൽ സി.എൻ.ജി ലഭിച്ചിരുന്നത്.
അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇവിടെ നിന്നും ഇന്ധനം ലഭിക്കാൻ രണ്ടാഴ്ചയിലേറെ താമസമെടുക്കും. 35 കിലോമീറ്ററിലേറെ സഞ്ചരിച്ച് പയ്യോളി, ഉള്ളിയേരി എന്നിവിടങ്ങളിൽ പോയിവേണം നിലവിൽ ഇന്ധനം നിറക്കാൻ. കിലോമീറ്ററുകൾ സഞ്ചരിച്ച് ഇവിടങ്ങളിൽ എത്തിയാലും ചില സമയങ്ങളിൽ ഇന്ധനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. വിദൂരങ്ങളിൽ പോയി ഇന്ധനം നിറച്ച് തിരിച്ചെത്തി ഓട്ടം തുടങ്ങിയാൽ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്.
അമ്പലക്കുളങ്ങരയിൽ സി.എൻ.ജി പമ്പുണ്ടെങ്കിലും ഇത് തുറന്നുപ്രവർത്തിക്കാത്തതും തൊഴിലാളികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇന്ധനക്ഷാമം രൂക്ഷമായതിനാൽ പലരും ഓട്ടം നിർത്തിയിരിക്കുകയാണ്. സി.എൻ.ജി ലഭ്യമാക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.