വിസ തട്ടിപ്പ്: മലപ്പുറം സ്വദേശികളായ രണ്ടുപേർ കോഴിക്കോട്ട് അറസ്റ്റിൽ

വിസ തട്ടിപ്പ്:  മലപ്പുറം സ്വദേശികളായ രണ്ടുപേർ  കോഴിക്കോട്ട് അറസ്റ്റിൽ

കോഴിക്കോട്: വിദേശ രാജ്യങ്ങളിൽ ജോലിക്കുള്ള വിസ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ച് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ പായിപ്പുല്ല് തുവ്വൂർ വള്ളിക്കപറമ്പിൽ താജുദീൻ (31), കരുവാരക്കുണ്ട് കോന്തൻകുളവൻ വീട്ടിൽ മുഹമ്മദ് ഷഹർ (32) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. ഈസ്റ്റ് നടക്കാവിൽ അൽഫാൻസ എച്ച്.ആർ സൊലൂഷൻ എന്ന സ്ഥാപനം ആരംഭിച്ചാണ് തട്ടിപ്പ്.ഇവർക്കെതിരേ നടക്കാവ് പൊലീസിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

പ്രതികൾ എറണാകുളം, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മലപ്പുറം, വയനാട് ജില്ലകളിലും ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.

താജുദ്ദീൻ എത്തിയെന്നറിഞ്ഞ പൊലീസ് ഞായറാഴ്ച അർധരാത്രി വീട്ടിലെത്തി പിടികൂടുകയായിരുന്നു. പാണ്ടിക്കാട്ടെ വാടക വീട്ടിൽനിന്നാണ് മുഹമ്മദ് ഷഹറിനെ പിടികൂടിയത്.

നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, കിരൺ ശശിധർ, ബാബു പുതുശ്ശേരി, അസി. സബ് ഇൻസ്പെക്ടർ സന്തോഷ് മമ്പാട്ടിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, ജോജോ ജോസഫ്, എം. ഗിരീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പി.എം. ലെനീഷ്, ബബിത്ത് കുറുമണ്ണിൽ, കെ.ടി. വന്ദന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!