
വടകര: ദേശീയപാത നിർമാണ പ്രവൃത്തി തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമാണം പൊലീസ് കാവലിൽ. ചൊവ്വാഴ്ച വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദന്റെ നേതൃത്വത്തിൽ നൂറിലധികം പൊലീസുകാരാണ് കുഞ്ഞിപ്പള്ളിയിലെ ദേശീയപാത നിർമാണ സ്ഥലത്ത് എത്തിയത്.
കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ കീഴിലുള്ള എസ്.എം.ഐ സ്കൂൾ, കോളജ് തുടങ്ങിയവയുടെ മതിലുകൾ പൊലീസ് സാന്നിധ്യത്തിൽ തിങ്കളാഴ്ച പൊളിച്ചുനീക്കിയിരുന്നു. ഈ ഭാഗങ്ങളിൽ ഡ്രെയിനേജ് നിർമാണമാണ് ആദ്യം നടത്തുന്നത്. വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം നടത്തുന്നുണ്ട്.
നേരത്തെ പാതിവഴിയിലായ അടിപ്പാത നിർമാണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. എസ്.ഐ സ്കൂൾ മുതലുള്ള ഭാഗങ്ങളുടെ പ്രവൃത്തിക്ക് പിന്നാലെ പള്ളിയോട് ചേർന്ന ഭാഗങ്ങളിലുള്ള നിർമാണ പ്രവർത്തനങ്ങൾ പിന്നീട് തുടങ്ങും. കടകളുടെ മുൻഭാഗങ്ങൾ പൊളിച്ചുനീക്കി തുടങ്ങിയിട്ടുണ്ട്. കുഞ്ഞിപ്പള്ളി മഖാം ഉറൂസ് നടക്കുന്നതിനാൽ 27വരെ പള്ളിയുടെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ സംയുക്ത സമരസമിതി കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിപ്പാത അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രിയെക്കണ്ട് യാത്രാക്ലേശം സംബന്ധിച്ച് ചർച്ച നടത്തും. പ്രവൃത്തി നടക്കുന്നിടത്ത് ചൊവ്വാഴ്ച സമരസമിതിയുടെ ഭാഗത്തുനിന്നും എതിർപ്പൊന്നുമുണ്ടായിട്ടില്ല.
സമരമുഖത്ത് ഉറച്ചുനിന്ന് സമാധാനപരമായി ആവശ്യങ്ങൾ നേടിയെടുക്കാനാണ് സമരസമിതിയുടെ തീരുമാനം.കുഞ്ഞിപ്പള്ളി ടൗണിനെ രണ്ടായി വിഭജിച്ച് പാത കടന്നുപോകുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് ഏറെയാണ്. റെയിലിനും ദേശീയപാതക്കുമിടയിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ് വ്യാപാര സ്ഥാപനങ്ങൾക്കും നാട്ടുകാർക്കുമുള്ളത്. കുഞ്ഞിപ്പള്ളിക്ക് ഏതാനും മീറ്ററുകൾക്കടുത്ത് അഴിയൂർ-മാഹി ബൈപാസിന്റെ നിർമാണം പൂർത്തിയായപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസം ഏറെയാണ്. ഇതുകൊണ്ടുതന്നെ അധികൃതരുടെ ഭാഗത്തുനിന്നും അനുഭാവപൂർണമായ സമീപനമുണ്ടാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.