
പന്തീരാങ്കാവ്: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോൾ ആളില്ലാത്ത സ്ഥലത്തുനിന്ന് കോളജ് വിദ്യാർഥിനിയെ കടന്നുപിടിച്ച് ആക്രമിച്ച ബീഹാർ സ്വദേശിയെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി.
കഴിഞ്ഞ ദിവസം പെരുമണ്ണ-ചാമാടത്ത് റോഡിൽ വെച്ചാണ് സംഭവം. കഹാരിയ ജില്ല രവമണിയ സ്വദേശി സജ്ഞയ് പാസ്വാനെയാണ് (30) പൊലിസ് അറസ്റ്റ് ചെയ്തത്. ബസിറങ്ങി വീട്ടിലേക്ക് ഒറ്റക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയാണ് ആക്രമണത്തിനിരയായത്. വെളിച്ച കുറവും ആൾ പെരുമാറ്റമില്ലാത്തതുമായ ഭാഗത്തുനിന്നാണ് ആക്രമിച്ചത്. ഭയന്ന് ഓടിയ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്കേറ്റിരുന്നു. നിലവിളി കേട്ട് സമീപ വാസികൾ എത്തുമ്പോഴേക്കും പ്രതി കടന്നുകളയുകയായിരുന്നു.
സ്ഥലത്തെത്തിയ ഫറോക്ക് അസിസ്റ്റന്റ് കമീഷണർ എ.എം. സിദ്ദീഖ്, പന്തീരാങ്കാവ് ഇൻസ്പെക്ടർ ബിജുകുമാർ എന്നിവരും, സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അന്വേഷണസംഘത്തിൽ എസ്.ഐ സുഭാഷ് ചന്ദ്രൻ, എ.എസ്. ഐ ഷംസുദ്ദീൻ, പ്രിൻസി, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ അരുൺകുമാർ മാത്തറ, ഷഹീർ പെരുമണ്ണ, മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, ഐ.ടി.വിനോദ്, അഖിൽബാബു,സുബീഷ് വേങ്ങേരി എന്നിവർ ഉണ്ടായിരുന്നു.