വടകര: നഗരസഭയിലെ കൊയിലാണ്ടി വളപ്പിൽ കടൽഭിത്തി പുനർനിർമിക്കണമെന്ന ആവശ്യത്തിന് കാലപ്പഴക്കമേറെയുണ്ടെങ്കിലും നിർമാണം കടലാസിലൊതുങ്ങുകയാണ്. തകർന്നുകിടക്കുന്ന കടൽഭിത്തിയുടെ ഭാഗങ്ങളിലൂടെ കാലവർഷത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറി നാശം വിതക്കുന്നത് പതിവ് കാഴ്ചയാണ്.
കൊയിലാണ്ടി വളപ്പ് തെക്ക് പുറങ്കര ഭാഗത്താണ് സ്ഥിതി രൂക്ഷം. ഓരോ കാലവർഷവും കടലോര വാസികൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയാണ് കടന്നുപോകുന്നത്. തീരദേശത്തെ റോഡുകളും വീടുകളുടെ ഭാഗങ്ങളും കടലെടുക്കുന്ന സ്ഥിതിയുമുണ്ട്. നാശനഷ്ടങ്ങൾ സംഭവിക്കുമ്പോൾ സ്ഥലം സന്ദർശിച്ച് മടങ്ങുകയല്ലാതെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാവുന്നില്ല. തീരദേശത്തെ മറ്റ് ഭാഗങ്ങളിലെ സ്ഥിതിയും ഭിന്നമല്ല. വടകര കസ്റ്റംസ് ബീച്ചിലെ കടലോര വാസികളും ആശങ്കയിലാണ്. തകർന്നുകിടക്കുന്ന കടൽഭിത്തി നിർമിക്കാൻ നടപടിയുണ്ടായിട്ടില്ല. കസ്റ്റംസ് ബീച്ചിൽ കസ്റ്റംസ് ഓഫിസ്, തണൽ ഡയാലിസിസ് സെന്റർ, ഭിന്നശേഷി കുട്ടികളുടെ ഓഫിസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മഴ മാറിവരുന്ന സാഹചര്യത്തിൽ കടലോര സംരക്ഷണത്തിന് നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.