കോഴിക്കോട്: രണ്ടുവർഷത്തേക്ക് താൽക്കാലിക നിയമനം നൽകിയവർക്ക് സ്ഥലംമാറ്റം നൽകാനുള്ള തൊഴിലുറപ്പ് സംസ്ഥാന മിഷൻ ഡയറക്ടറുടെ ഉത്തരവ് വിവാദമാകുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള ജില്ല എൻജിനീയർമാർക്ക് സ്ഥലമാറ്റം നൽകാനുള്ള ഉത്തരവ് തൊഴിൽ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ളതാണെന്നാണ് ആക്ഷേപം. നിലവിൽ ജോലി ചെയ്യുന്ന ജില്ല, ജോലി ചെയ്ത കാലയളവ്, സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ജില്ല (മൂന്ന് ജില്ലകളിലേക്ക് ഓപ്ഷൻ നൽകാവുന്നതാണ്) എന്നിവ നൽകാനാണ് ആവശ്യപ്പെട്ടത്.
ഒക്ടോബർ 20ന് മുമ്പ് സംസ്ഥാന മിഷന് ഓപ്ഷൻ നൽകാത്ത പക്ഷം മറ്റ് ഒഴിവുള്ള ജില്ലകളിൽ ജോലി ചെയ്യുന്നതിന് സന്നദ്ധമാണെന്ന് കരുതുമെന്നാണ് ഉത്തരവിൽ പറയുന്നത്.
2005ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചതു മുതൽ നാമമാത്രമായ കൂലിക്ക് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ല ഓഫിസുകളിലും സംസ്ഥാന ഓഫിസിലും ജോലി ചെയ്യുന്ന എൻജിനീയർ, ജില്ല ഐ.ടി പേഴ്സൻ, അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ്, അക്രഡിറ്റഡ് എൻജിനീയർ, അക്രഡിറ്റഡ് ഓവർസിയർ തുടങ്ങിയ തസ്തികകളിൽ ജോലിചെയ്യുന്ന 6000ത്തോളം ജീവനക്കാരും പുതിയ ഉത്തരവോടെ സ്ഥലംമാറ്റ ഭീഷണിയുടെ ആശങ്കയിലായി.
ആദ്യപടിയായാണ് ജില്ല എൻജിനീയർമാർക്ക് അന്തർജില്ല സ്ഥലംമാറ്റ നടപടിക്രമങ്ങൾ ആരംഭിച്ചതെന്നാണ് വിലയിരുത്തൽ. സർവിസ് ചട്ടം ബാധകമല്ലാത്ത, പ്രാദേശിക നിയമനം കിട്ടിയ കരാർ ജീവനക്കാർ മാത്രമായവരെ സ്ഥലംമാറ്റുന്നത് വിചിത്രമായ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വർഷങ്ങളായി ഈമേഖലയിൽ പണിയെടുത്ത തൊഴിലാളികളെ കരാർ തൊഴിലാളികളാണെന്ന പേരിൽ പിരിച്ചുവിടൽ ഭീഷണിയുയർത്തി കഠിനജോലി ചെയ്യിക്കാനാണ് നീക്കമെന്ന് തൊഴിലാളികൾ പറയുന്നു.
18 വർഷത്തിലേറെ സർവിസുള്ളവർക്കും അടുത്തിടെ സർവിസിൽ വന്നവർക്കും ഒരേ ശമ്പളമാണ് നൽകുന്നത്. 18 വർഷം സർവിസുള്ള ജില്ല ഐ.ടി പേഴ്സന് നൽകുന്നത് 31,000 രൂപയാണ്. ഭാരിച്ച ഉത്തരവാദിത്തമുള്ള ജില്ല എൻജിനീയർക്ക് നൽകുന്നത് 44,000 രൂപയും.
ജില്ല മുഴുവൻ യാത്ര ചെയ്യേണ്ട ഇവർക്ക് ഈവർഷം മുതൽ യാത്ര കൂലിയായി ഒരുരൂപ പോലും നൽകുന്നില്ല. അതിനുപുറമെയാണ് അന്തർജില്ല സ്ഥലംമാറ്റ ഭീഷണി.
പല ജില്ലകളിലുള്ളവർ സ്വന്തം ജില്ലവിട്ട് ജോലിചെയ്യുന്നുണ്ടെന്നും അവർക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും വർഷങ്ങളോളം ഒരേസ്ഥാനത്തിരുന്ന് അവിശുദ്ധ ബന്ധമുണ്ടാക്കുന്നത് തടയാനുംകൂടിയാണ് സ്ഥലംമാറ്റം പരിഗണിക്കുന്നതെന്നുമാണ് സംസ്ഥാന മിഷൻ ഡയറക്ടറുടെ നിലപാട്.