നാദാപുരം: സാമ്പത്തിക തട്ടിപ്പുകാരുടെ കെണിയിൽ നാദാപുരം മേഖലയിലെ നിരവധി വിദ്യാർഥികൾ പെട്ടതായി സൂചന. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ചതിയിൽപെട്ട് കുറ്റകൃത്യത്തിൽ പങ്കാളിയാവുകയാണ് ഇവരെന്ന് പറയപ്പെടുന്നു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
വടകര, വില്യാപ്പള്ളി, കാർത്തികപള്ളി, കോട്ടപ്പള്ളി പ്രദേശങ്ങളിൽനിന്ന് 20 വയസ്സിനുള്ളിലുള്ള അഞ്ചോളം വിദ്യാർഥികളെയും യുവാക്കളെയും രാജസ്ഥാൻ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരോട് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഒരാൾ നിർദേശിക്കുകയായിരുന്നു. അക്കൗണ്ടിന്റെ എ.ടി.എമ്മും പിന്നും നൽകണമെന്നും നൽകിയാൽ 10,000 രൂപ മുതൽ 25,000 രൂപ വരെ അക്കൗണ്ട് ഹോൾഡർക്ക് ലഭിക്കുന്നതാണെന്നും പറഞ്ഞാണ് വലയിലാക്കിയത്.
ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായാണ് വിവരം. വിദ്യാർഥികൾ അക്കൗണ്ട് വിവരങ്ങളും എ.ടി.എം പിൻ നമ്പറും ഈ വ്യക്തിക്ക് നൽകുകയായിരുന്നു. തുടർന്ന് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ എത്താൻ തുടങ്ങി. വിദ്യാർഥികളുടെ എ.ടി.എം ഉപയോഗിച്ച് എ.ടി.എം ലഭിച്ച വ്യക്തി പണം പിൻവലിക്കുകയും കമീഷൻ തുക കുട്ടികൾക്ക് നൽകുകയും ചെയ്തു. എന്നാൽ, അക്കൗണ്ടിലേക്ക് വന്ന ലക്ഷക്കണക്കിന് രൂപ ഭോപാലിലുള്ള പല വ്യക്തികളിൽനിന്നും ഓൺലൈനിലൂടെ തട്ടിയെടുത്തതായിരുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ അവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളായി വരുന്നത് കേരളത്തിലുള്ള കോളജിൽ പഠിക്കുന്ന വിദ്യാർഥികളുമാണ്.
10,000 മുതൽ 25,000 രൂപ വരെ ഓഫർ ചെയ്ത് അക്കൗണ്ട് ഡീറ്റെയിൽസും എ.ടി.എമ്മും വാങ്ങി തട്ടിപ്പിനിരയാക്കിയ തുകയാണ് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് പണമായി നിക്ഷേപിക്കുന്നത്. ഏതാനും വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി രാജസ്ഥാനിലേക്ക് കൊണ്ടുപോയി. സാമ്പത്തിക ക്രമക്കേടാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഓരോരുത്തരുടെയും പേരിലുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ട് സിം കാർഡ് ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയതാണ് വിഷയം.
അക്കൗണ്ടിൽ വരുന്ന പണം വേറെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് കമീഷൻ പറ്റുന്ന നിരവധി വിദ്യാർഥികളും യുവാക്കളുമുണ്ട്. ഭോപാൽ കേന്ദ്രീകരിച്ചും നിരവധി വിദ്യാർഥികൾ തട്ടിപ്പുസംഘത്തിന്റെ വലയിൽപെട്ടതായാണ് വിവരം. ഇവരുടെ പേരിലും പണം തട്ടിപ്പിനാണ് കേസ്.